KeralaLatestThiruvananthapuram

152 ബ്ലോക്കില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങും

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം : കാര്‍ഷിക സര്‍വകലാശാല 152 ബ്ലോക്കുകളില്‍ വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍. സര്‍ക്കാരിന്റെ സുഭിക്ഷ കേരളവുമായി സഹകരിച്ച്‌ കൈറ്റ്സ് ഫൗണ്ടേഷന്‍ ആരംഭിച്ച പുനര്‍ജനി പദ്ധതിയുടെ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കേരളത്തിലെ ഭക്ഷ്യമേഖല: സ്വയം പര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു വെബിനാര്‍.

സുഭിക്ഷ കേരളം പദ്ധതി ഭക്ഷ്യസുരക്ഷയും സുരക്ഷിതമായ ഭക്ഷണ ലഭ്യതയുമാണ് ഉന്നം വയ്ക്കുന്നത്. പാല്‍ ഉല്‍പാദനത്തില്‍ 90 ശതമാനത്തോളം സ്വയം പര്യാപ്തത കൈവരിച്ചെങ്കിലും ഭക്ഷ്യധാന്യ ഉല്‍പാദനമേഖലയില്‍ ഭൂദൗര്‍ലഭ്യം ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദുരന്തങ്ങളുടെ ആഘാതവും തീവ്രതയും വര്‍ധിപ്പിക്കുന്നതിലെ നിര്‍ണായക ഘടകം ഭൂവിനിയോഗ ശൈലിയാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ എല്‍.കുര്യാക്കോസ് പറഞ്ഞു.

150 വര്‍ഷം കൊണ്ട് ഇന്ത്യയിലെ ശരാശരി താപനില 1 ഡിഗ്രി സെല്‍ഷ്യസ് കൂടിയെന്നും വനനശീകരണവും നഗരവല്‍ക്കരണവുമാണ് ഇതിലേക്ക് നയിച്ചതിനു മുഖ്യകാരണമെന്നും കേരള കാര്‍ഷിക സര്‍വകലാശാല അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. ജി.എസ്.എല്‍.എച്ച്‌.വി. പ്രസാദ റാവു പറഞ്ഞു. മണ്‍സൂണ്‍ കാലത്തെ വരള്‍ച്ച ഭക്ഷ്യധാന്യങ്ങളുടെ വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയോഗ്യമായതും കൃഷിയോഗ്യമാക്കാവുന്നതുമായ രണ്ടു ലക്ഷം ഹെക്ടറിലധികമുള്ള തരിശു നിലങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നു കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മുന്‍ മേധാവി ഡോ. ഇന്ദിരാദേവി പറഞ്ഞു. കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റങ്ഷന്‍ ഡോ. ജിജു പി.അലക്സ്, കാര്‍ഷിക സര്‍വകലാശാല സയന്റിഫിക് ഓഫിസര്‍ ഡോ. ഗോപകുമാര്‍ ചോലയില്‍, സി.ആര്‍.നീലകണ്ഠന്‍, കൈറ്റ്സ് ഫൗണ്ടേഷന്‍ പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഗോപിക സുരേഷ്, ആന്റണി എന്നിവരും പങ്കെടുത്തു. 2020 മുതല്‍ 2021 വരെ 1000 ഏക്കര്‍ തരിശുനിലത്തില്‍ കൃഷി ചെയ്യുകയാണു പുനര്‍ജനി പദ്ധതിയുടെ ലക്ഷ്യം. വെബിനാര്‍ കൈറ്റ്സ് ഫൗണ്ടേഷന്റെ യൂടൂബ് കാണാം.

Related Articles

Back to top button