IndiaInternationalKeralaLatest

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി സംഘത്തിന് 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ)മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫിസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്.

സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും. നൗഫല്‍, ജലീല്‍, റഹൂഫ്, നൗഷാദ്, അനസ്, അഫ്സല്‍, അലി ഭായ്, ഫിറോസ്, അലി, ഗഫൂര്‍, ഇബ്രാഹിം, ജലാല്‍, ര​ഞ്ജിത്ത്, അസീസ്, ഫരീദ്, ഷിഹാബ്, ഷാനു, ബാബു, മന്‍സൂര്‍, ഷിബയാസ് എന്നിവരാണ് സമ്മാനം നേടിയ സംഘത്തിലുള്ള മറ്റുള്ളവര്‍.

ബന്ധുക്കളും സുഹൃത്തുക്കളുമായി ചേര്‍ന്നു ടിക്കറ്റെടുക്കുന്നത് പതിവാക്കിയ നൗഫലിനോട് ഇത്തവണ ഭാര്യ ഷറീന ഒരു ഉപാധിവച്ചു. ഒട്ടേറെ പാവപ്പെട്ടവര്‍ ചേര്‍ന്നാണല്ലോ ടിക്കറ്റെടുക്കുന്നത്. അവര്‍ക്കൊരു ഉപകാരമാകണമെങ്കില്‍ ഹോട്ട് നമ്പര്‍ തിരഞ്ഞെടുക്കാന്‍ തന്നെ അനുവദിക്കണമെന്ന ഉപാധി അംഗീകരിച്ചാണ് ടിക്കറ്റെടുത്തത്. രണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഒരെണ്ണം സൗജന്യമായി ലഭിച്ചിരുന്നു. നറുക്കെടുപ്പ് ലൈവായി കാണുമ്പോഴും നീ എടുത്ത ടിക്കറ്റായതുകൊണ്ടല്ലേ അടിക്കാത്തത് എന്നു പറഞ്ഞ് ഭാര്യയെ കളിയാക്കി ടിക്കറ്റ് വലിച്ചെറിഞ്ഞ സമയത്താണ് ബിഗ് ടിക്കറ്റില്‍നിന്ന് വിളി വന്നത്. പിന്നീടുള്ള ഡയലോഗ് ഇന്നസെന്റിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അടിച്ചു മോനേ…

ഭാര്യയുടെ ഭാഗ്യമെന്ന് സമ്മതിച്ച നൗഫല്‍ കടങ്ങള്‍ തീര്‍ക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് പരിഗണനെയെന്നും പറഞ്ഞു. ഇത്രയും പേരുടെ പ്രയാസങ്ങള്‍ അകറ്റാന്‍ നിദാനമായതിലുള്ള സന്തോഷമാണ് ഷറീനയ്ക്ക്. ഓരോരുത്തരും 50 ദിര്‍ഹം വീതം എടുത്താണ് ടിക്കറ്റെടുത്തത്.

സമ്മാത്തുക തുല്യമായി വീതിക്കുമ്പോള്‍ 1.75 കോടി രൂപയാണ് ലഭിക്കുക. നൗഫലിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ അബ്ദുല്‍ജലീല്‍, അബ്ദുല്‍റഹൂഫ് എന്നിവര്‍ കൂടി സംഘത്തിലുള്ളതിനാല്‍ ഇവരുടെ കുടുംബത്തിലേക്കു മാത്രം 5.25 കോടി രൂപയെത്തും.

Related Articles

Back to top button