KeralaLatest

നാടിനെ നടുക്കിയ പെരുമൺ ദുരന്തത്തിന് ഇന്ന് 32 വയസ്സ്

“Manju”

കൊല്ലം ജില്ലയില്‍ മണ്‍‌ട്രോ തുരുത്തിനും ശാസ്താം‌കോട്ടയ്ക്കും ഇടയിലൂടെ പാഞ്ഞു പോകുന്ന തീവണ്ടിപാത കായല്‍ക്കരയില്‍ എത്തുമ്പോള്‍ അവിടെ ഏതാണ്ട് ഒരു ത്രികോണാകൃതിയിൽ പൊടിപിടിച്ച് നിലക്കുന്ന ഒരു സ്തൂപം കാണാം. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,

‘പെരുമണ്‍
തീവണ്ടി ദുരന്ത
സ്മാരകം
1988 ജൂലൈ 8

ഓര്‍മ്മയ്ക്ക്’.

അതെ, ഇന്ത്യയിലെ തന്നെ ഏറ്റവും ഭീകരമായ തീവണ്ടി അപകടം നടന്ന പെരുമണ്‍. ഈ ദുരന്തം നടന്നിട്ട് ഈ ജൂലൈ എട്ടിന് 32 വര്‍ഷം തികയുന്നു. അന്ന് ഉച്ചക്ക് 12.56ന് അഷ്ടമുടി കായലില്‍ 105 ജീവിതങ്ങളാണ് മുങ്ങിത്താണത്. ബാംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ഐലന്‍റ് എക്സ്പ്രസ്സിന്‍റെ 10 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞു. ഒരു കാരണവുമില്ലാതെ !

റയില്‍‌വേ അധികൃതരുടെ അന്വേഷണത്തില്‍ എങ്ങുനിന്നോ കുതിച്ചെത്തിയ ടൊര്‍ണാഡോ എന്ന അതിഭീകരമായ ഒരു കൊടുങ്കാറ്റാണ് ഐലന്‍റ് എക്സ്പ്രസ്സിനെ കായലിലേക്ക് ചുഴറ്റിയെറിഞ്ഞത് എന്ന് എഴുതിപ്പിടിപ്പിച്ചിരുന്നു.

തീവണ്ടി അമിത വേഗത്തില്‍ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റും രഹസ്യമായി പലരും ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അത്തരം കാര്യങ്ങളൊന്നും ഒരു അന്വേഷണത്തിന്‍റെ പരിധിയിലും വന്നില്ല.

റെയില്‍‌വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ബാംഗ്ലൂരിലെ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണ അന്വേഷണ കമ്മീഷന്‍ ആദ്യം സൂചിപ്പിച്ചിരുന്നു എങ്കിലും റയില്‍‌വേയുടെ മുഖം രക്ഷിക്കാനായി കുറ്റം കേരളത്തില്‍ ആരും കേട്ടിട്ടില്ലാത്ത ടൊര്‍ണാഡോ എന്ന ഭീകര ചുഴലിക്കാറ്റിന്‍റെ പിടലിയില്‍ വച്ചു കൊടുക്കുകയായിരുന്നു.

അന്നൊരു ചെറിയ മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് സമീപവാസികള്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ്. പിന്നെയും അന്വേഷണം നടന്നു. മുന്‍ വ്യോമസേനാ ഉദ്യൊഗസ്ഥനായ സി.എസ്. നായിക് നടത്തിയ അന്വേഷണത്തിലും ടൊര്‍ണാഡോ കാര്യം അടിവരയിട്ടതോടെ പിന്നെ അന്വേഷണമൊന്നും നടന്നില്ല.

എന്നാല്‍ ട്രെയിനപടകം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ പാളത്തില്‍ പലയിടത്തും സ്ളീപ്പറുകള്‍ ഇളകിത്തുടങ്ങിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചില സ്ളീപ്പറുകള്‍ ജീര്‍ണാവസ്ഥയിലുമായിരുന്നു. അപകട കാരണവും ഇതുതന്നൈയെന്ന് നാട്ടുകാര്‍ പറയുന്നു.

മരിച്ചവരുടെ ബന്ധുക്കളും അഞ്ചാലുംമൂട് പ്രദേശത്തെ ഏതാനും സംഘടനകളും നാട്ടുകാരും ദുരന്തത്തിന്‍റെ ഓര്‍മ്മപുതുക്കലുമായി ജൂലായ്8 ന് പെരുമണ്‍ പാലത്തിന് സമീപത്തെ സ്മൃതിമണ്ഡപത്തില്‍ എത്തും. ദുരന്തം നടന്ന സ്ഥലത്ത് റെയില്‍വേ നിര്‍മിച്ച സ്മൃതി മണ്ഡപം വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയായിരുന്നു.

Related Articles

Back to top button