KeralaKollamLatest

മൂല്യനിര്‍ണയത്തിനയച്ച്‌ കാണാതായ ഉത്തരക്കടലാസ് വീണ്ടെടുത്തു

“Manju”

ശ്രീജ.എസ്

കൊട്ടാരക്കര: മുട്ടറ സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളായ 61 കുട്ടികളും അവരുടെ വീട്ടുകാരും ഒരു നാടാകെയും ഇപ്പോള്‍ ആശ്വാസത്തിലാണ്. മൂല്യനിര്‍ണയത്തിനായി പാലക്കാട്ടേക്ക് അയച്ച്‌ കാണാതായ ഉത്തരപേപ്പറുകള്‍ തിങ്കളാഴ്ചയാണ് ഷൊര്‍ണൂരില്‍ നിന്നും വീണ്ടെടുത്തത്. ഉത്തരക്കടലാസ് കാണാതായത് സ്‌കൂളിലെ അധ്യാപകരെയും ഏറെ ആശങ്കയിലാക്കിയിരുന്നു.

ഉത്തരക്കടലാസ് തിരുവനന്തപുരം ഹയര്‍സെക്കന്‍ഡറി ബോര്‍ഡില്‍ എത്തിച്ചു എത്രയും വേഗം മൂല്യ നിര്‍ണയം നടത്തി ഈ മാസം പ്ലസ്ടു പരീക്ഷ ഫലപ്രഖ്യാപനത്തോടോപ്പം ഇതും പ്രസിദ്ധീകരിക്കാനുള്ള നീക്കം ബോര്‍ഡ് തുടങ്ങി കഴിഞ്ഞു.

ഏറെ ആശ്വാസമായത് മുട്ടറ സ്‌കൂളിലെ പ്ലസ് ടു അധ്യാപകര്‍ക്കാണ്. ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത പുറത്തുവന്നതോടെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡിനോ വിദ്യാഭ്യാസ വകുപ്പിനോ ആയിരുന്നില്ല, സ്‌കൂളിലെ അധ്യാപകര്‍ക്കായിരുന്നു. അധികൃതരുടെ തൃപ്തികരമല്ലാത്ത വിശദീകരണങ്ങള്‍ വരുമ്പോഴും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സമാധാനിപ്പിക്കാന്‍ അധ്യാപകര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഉത്തരക്കടലാസ് കാണാതായ വാര്‍ത്ത വന്നതുമുതല്‍ സ്‌കൂളിലെ അധ്യാപകര്‍ പരീക്ഷാകൗണ്ടര്‍ വഴി അയച്ച ഉത്തരക്കടലാസിന്റെ ട്രാക്ക് റിക്കോര്‍ഡര്‍ എടുത്തു അന്വേഷണമായിരുന്നു.

ഉത്തരക്കടലാസ് തിരിച്ചു കിട്ടിയതില്‍ അതിയായ സന്തോഷം ഉണ്ടെന്നു സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉത്തരക്കടലാസ് കാണാതെ ശരാശരി അടിസ്ഥാനത്തിലോ മറ്റോ മാര്‍ക്ക് കൊടുത്തിരുന്നെങ്കിലും നിരവധി പരാതികള്‍ ഉണ്ടായേനെ. ഇവ ലഭിച്ചതോടെ പരാതികള്‍ ഇല്ലാതായതായും ഉത്തരക്കടലാസിന് ആനുപാതികമായി മാര്‍ക്ക് ലഭിക്കുമെന്നും അധ്യാപകര്‍ പറഞ്ഞു.

Related Articles

Back to top button