KeralaLatest

ആശ്രമം ആളുകൾക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല, അപവാദ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : ഏതെങ്കിലും പ്രമാദമായ കേസുകൾ വരുമ്പോൾ കുറ്റാരോപിതർക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല ശാന്തിഗിരി ആശ്രമമെന്നും ഇത്തരം അപവാദ പ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയതിനെത്തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷ് ആശ്രമത്തിലെത്തിയെന്നും ആയുർവേദ ചികിത്സ തേടിയെന്നുമൊക്കെയുള്ള വ്യാജപ്രചരണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥർ ആശ്രമത്തിലെത്തിയത്. വിവരങ്ങൾ ആരാഞ്ഞതിനുശേഷം ഉദ്യോഗസ്ഥർ പോയി മണിക്കൂറുകൾക്കകം ആശ്രമത്തിനെതിരെ സൈബർ ആക്രമണം നടത്തുകയായിരുന്നു ചിലർ. ഇത് ഒറ്റപ്പെട്ട സംഭവമല്ല, ഇതിനു മുൻപും ചില കേസുകളിൽ സമാന രീതിയിൽ ഓൺലൈൻ മാധ്യമങ്ങൾ മുഖേന വ്യാജപ്രചരണങ്ങൾ ആശ്രമത്തിനെതിരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വ്യാജപ്രചരണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.

ഔദ്യോഗികമായ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ കൗൺസിലിന്റെ ഇഫ്താർ വിരുന്നിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരോടൊപ്പം പങ്കെടുത്തത്. അതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റായ രീതിയിൽ വാർത്ത പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ആശ്രമത്തെയും സന്യാസിമാരെയും പൊതുസമൂഹത്തിൽ അവഹേളിക്കാൻ ചിലർ ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്ന് പരാതിയിൽ പറയുന്നു.

സ്വാമിയുടെ പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ കാണാം

https://www.facebook.com/530420730303864/posts/3478523835493524/

 

Related Articles

Back to top button