International

ഏഴരയടിപ്പൊക്കം | പ്രതിസന്ധികളെ കരുത്തോടെ നേരിട്ട് റുമൈസ

“Manju”

വൈകല്യങ്ങളെ അവസരമാക്കി രണ്ടു തവണ ഗിന്നസ്സ് റെക്കോർഡിൽ ഇടം പിടിച്ച റുമൈസ ഗെൽഗി. അപൂർവ്വ ജനിത രോഗത്തോട് പടവെട്ടി മുന്നേറുന്ന ഈ ഇരുപത്തിനാലുകാരിയുടെ ജീവിതം ഏവർക്കും പ്രചോദനമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന റെക്കോർഡ് രണ്ട് തവണയാണ് ഈ തുർക്കി വംശജ സ്വന്തമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ എല്ലാം തന്നെ അലട്ടുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലും തളർന്നുപോകില്ല എന്ന ലക്ഷ്യബോധത്തോടെ റുമൈസ മുന്നോട്ട് പോവുകയാണ്..

18-ാം വയസ്സിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുവതി എന്ന റെക്കോർഡ് ആദ്യമായി റുമൈസ സ്വന്തമാക്കുന്നത്. 7 അടി 7 ഇഞ്ച് അഥവാ 215.16 സെന്റിമീറ്ററാണ് തുർക്കി സ്വദേശിയായ ഈ യുവതിയുടെ ഉയരം. രണ്ടാം തവണയും ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ കയറിയതിന്റെ സന്തോഷം പങ്കിടുമ്പോഴും ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഇവർ പറയുന്നത്.

വളരെ അപൂർവ്വമായ ഒരു അസുഖമാണ് റുമൈസയുടെ ഈ അവസ്ഥയ്‌ക്ക് പിന്നിലെ കാരണം. ശരീരം അമിതമായി വളരുന്ന വീവർ സിൻഡ്രോം എന്ന അപൂർവ്വ ജനിതക രോഗമാണ് ഇത്. ഉയരം മാത്രമല്ല, അതിനൊപ്പം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഈ രോഗം റുമൈസയ്‌ക്ക് നൽകിയിട്ടുണ്ട്. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഏറെ ബുദ്ധിമുട്ടാണ്. വീൽ ചെയറിന്റേയോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്‌ക്ക് നടക്കാനാകില്ല. ശ്രദ്ധയോടെ വേണം ഓരോ അടിയും മുന്നോട്ട് വെയ്‌ക്കാൻ. അതിനും മറ്റുള്ളവരുടെ സഹായം തേടണം. ഈ ദുഃഖങ്ങളെല്ലാം മറികടക്കാൻ വേണ്ടി ജനങ്ങളിൽ ഇത്തരം രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ തയ്യാറായിരിക്കുകയാണ് റുമൈസ.

എല്ലാവരിൽ നിന്നും വ്യത്യസ്തയായിരിക്കുകയെന്നാൽ അത്ര മോശം സംഗതിയല്ലെന്ന് ചിന്തിക്കാനാണ് തനിക്ക് താല്പര്യമെന്നാണ് റുമൈസയുടെ പക്ഷം. ചിലപ്പോഴെങ്കിലും ഈ സവിശേഷത ചില അവിചാരിത നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുമെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ കാണിച്ചുതരാൻ കഴിഞ്ഞെന്ന ഉറച്ച ബോധ്യത്തിലാണവർ. സമാനരോഗ ബാധിതർക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി തന്റെ നേട്ടങ്ങൾ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇവർ.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനായ സുൽത്താൻ കോസെനെ നേരിൽ കാണുക എന്നതാണ് റുമൈസയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. എട്ടടിയോളം ഉയരമുള്ള സുൽത്താൻ കോസെനും തുർക്കി വംശജനാണ്. ഹൈപോതലാമസിനെ ബാധിക്കുന്ന മസ്തിഷ്‌ക അർബുധമാണ് സുൽത്താൻ കോസെന്റെ ഉയരത്തിന് കാരണം.

തുർക്കിയിൽ തന്നെ ഈ രോഗം ബാധിച്ച ആദ്യ വ്യക്തി താനാണെന്നാണ് റുമൈസ പറയുന്നത്. സ്‌കോളിയോസിസ് പോലുള്ള ഗുരുതരമായ രോഗങ്ങളോടെ ജീവിക്കുന്ന ഗിന്നസ് ജേതാവിന് വിൽചെയറിന്റെ സഹായമില്ലാതെ ഒരടിപോലും നടക്കാൻ സാധിക്കില്ല. കുട്ടിക്കാലത്ത് ഈ രോഗത്തിന്റെ പേരിൽ നിരവധി മാനസിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട് റുമൈസക്ക്. പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തു പിടിച്ച കുടുംബത്തിന്റെ പിൻതുണയാണ് തന്റെ ജീവിത വിജയത്തിന്റെ രഹസ്യമെന്നാണ് റുമൈസ ഗെൽഗിയുടെ അഭിപ്രായം.

Related Articles

Back to top button