KeralaKottayamLatest

മണർകാട് ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 17.83 ലക്ഷം രൂപയുമായി 43 പേരെ പിടികൂടി

“Manju”

കോട്ടയം • മണർകാട് കവലയ്ക്കു സമീപം ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡിൽ 17.83 ലക്ഷം രൂപയുമായി 43 പേരെ പിടികൂടി. ചീട്ടുകളിക്കാർ എത്തിയ 14 കാറുകളും 40 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കോട്ടയത്തെ പ്രമുഖ ബ്ലേഡ് പലിശ സംഘത്തലവന്റെ ഉടമസ്ഥതയിലുള്ളതാണു കേന്ദ്രം. വിവിധ ജില്ലകളിൽ നിന്ന് എത്തിയവരാണ് ഇവർ. പലവട്ടം ഇവിടെ റെയ്ഡ് നടത്താൻ ആലോചിച്ചെങ്കിലും വിവരം ചോർന്നു.

തുടർന്ന് 25 അംഗ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ വൈകിട്ട് എഴിന് ആരംഭിച്ച റെയ്ഡ് 2 മണിക്കൂർ നീണ്ടു.സംഘത്തതലവനും കെട്ടിട ഉടമയുമായ ആൾ പരിശോധനയ്ക്കു മുൻപു കടന്നുകളഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിനു കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ പൊലീസ് എത്തിയെങ്കിലും വിവരം അറിഞ്ഞ് സംഘാംഗങ്ങൾ മുങ്ങി. ഇന്നലെ അതീവരഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം.

കോട്ടയത്തു നിന്നു പുറപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കു പോലും ചൂതാട്ട കേന്ദ്രത്തിലെത്തിയ ശേഷം മാത്രമാണ് മിന്നൽ പരിശോധനയെക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ഓഫ് ചെയ്ത ശേഷമാണു പരിശോധനയ്ക്കു പുറപ്പെട്ടത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ, ‍ഡ‍ിവൈഎസ്പി അനീഷ് വി. കോര, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ് കുമാർ, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ യു. ശ്രീജിത്ത്, മണർകാട് എസ്ഐ വർഗീസ് ഏബ്രഹാം, പാമ്പാടി എസ്ഐ വി.എസ്.അനിൽകുമാർ, ഏറ്റുമാനൂർ എസ്ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ഇന്നലെ വൈകിട്ട് 6 നു നാലുമണിക്കാറ്റിനു സമീപത്തെ വലിയ വീട് കേന്ദ്രീകരിച്ചായിരുന്നു ആദ്യം പരിശോധന. ഇവിടെനിന്നു കാര്യമായി ഒന്നും ലഭിച്ചില്ല. ഇതേസമയം മണർകാട് കവലയ്ക്കു സമീപം മത്സ്യമാർക്കറ്റിനുള്ളിലെ കേന്ദ്രം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുമായി സംഘം പിടിയിലായത്. ഗുണ്ടാ സംഘങ്ങളുടെ കാവലിൽ ഏറെ നാളുകളായി ഇവിടെ ചീട്ടുകളി സജീവമായിരുന്നു.

രാപകൽ നടന്ന ചീട്ടുകളിയിൽ പണവും വാഹനങ്ങളും പന്തയം വച്ചിരുന്നു. ചീട്ടുകളിക്കാർക്കു ഭക്ഷണം ഉൾപ്പെടെ ഒരുക്കിയിരുന്നു. ലോക്ഡൗൺ ആരംഭിക്കുന്നതിനു മുൻപ് സജീവമായിരുന്ന ചീട്ടുകളി പിന്നീടു ജൂണിലാണ് ആരംഭിച്ചത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമം ഉൾപ്പെടെയുള്ള കേസുകളാണു ചുമത്തിയത്.

Related Articles

Back to top button