KannurKeralaLatest

ജീവിതം വഴിമുട്ടി ക്ഷേത്രജീവനക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങള്‍ അടച്ചിട്ടതോടെ മാസങ്ങളായി വേതനം ലഭിക്കാതെ ക്ഷേത്ര ജീവനക്കാര്‍. ശാന്തി, കഴകം, വാദ്യം, അടിച്ച്‌ തളി, വഴിപാട് കൗണ്ടര്‍ ക്ലാര്‍ക്ക് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അഞ്ച് മാസമായി വേതനം ലഭിക്കാതെ ഇത്തരത്തില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നത്.

ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്ന പല ക്ഷേത്രങ്ങളുടെയും അക്കൗണ്ടുകളില്‍ ഇപ്പോള്‍ മിനിമം ബാലന്‍സ് പോലുമില്ല. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഓഫീസ് ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും അതത് മാസത്തെ ശമ്പളവും ആനുകൂല്ല്യവും കൃതമായി കൈപ്പറ്റുന്നുണ്ട്. സ്‌പെഷല്‍ ഗ്രെയ്ഡ്, എ ഗ്രെയ്ഡ് ക്ഷേത്ര വരുമാനത്തിന്റെ നിശ്ചിത ശതമാനം അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ ഈടാക്കിയാണ് ബോര്‍ഡ് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.

വരുമാനമുള്ള ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും നിയന്ത്രിക്കാനും അമിതാവേശം കാണിക്കുന്ന ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തികഞ്ഞ നിസ്സംഗതയാണ് കാണിക്കുന്നത്. ക്ഷേത്രവരുമാനത്തില്‍ നിന്നാണ് കാലങ്ങളായി ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എ ഗ്രെയ്ഡ്, സ്‌പെഷ്യല്‍ ഗ്രെയ്ഡ് ക്ഷേത്രങ്ങളില്‍ അതത് ക്ഷേത്രങ്ങളിലെ വരുമാനമുപയോഗിച്ചും വരുമാനം കുറഞ്ഞ ബി,സി,ഡി ഗ്രെയ്ഡ് ക്ഷേത്രങ്ങളില്‍ സ്വന്തം വരുമാനത്തിന് പുറമെ സര്‍ക്കാര്‍ സഹായത്തിലുമാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.

ക്ഷേത്രങ്ങളിലെ നിലവിലെ ഗ്രെയ്ഡിങ് നടത്തിയിരിക്കുന്നത് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. 75 ലക്ഷത്തിന് മുകളില്‍ സ്‌പെഷ്യല്‍ ഗ്രെയ്ഡ്, 25 ലക്ഷം മുതല്‍ 75ലക്ഷം വരെ എ ഗ്രെയ്ഡ്, 10 ലക്ഷം മുതല്‍ 25 ലക്ഷം വരെ ബി ഗ്രെയ്ഡ്, മൂന്ന് ലക്ഷം മുതല്‍ 10 ലക്ഷം വരെ സി ഗ്രെയ്ഡ്, മൂന്ന് ലക്ഷം വരെ ഡി ഗ്രെയ്ഡ് എന്നിങ്ങനെയാണ് നിലവിലെ വിഭജനം. ക്ഷേത്രജീവനക്കാരുടെ വേതനം നിശ്ചയിക്കുന്നതും ഗ്രെയ്ഡ് അനുസരിച്ചാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1330 ക്ഷേത്രങ്ങളും, അഞ്ച് മഠങ്ങളും, നാല് കോവിലുകളുമുള്‍പ്പടെ 1339 ആരാധനാലയങ്ങളാണുള്ളത്. ഇതിന് പുറമെ പ്രധാന ക്ഷേത്രങ്ങളുടെ ഭാഗമയി എണണൂറോളം ഉപക്ഷേത്രങ്ങളുമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണേര്‍പ്പെടുത്തിയതോടെ ക്ഷേത്രവരുമാനം നിലച്ചു. നേരത്തെ തന്നെ മാസങ്ങളായി ശമ്പള കുടിശ്ശികയുണ്ടായിരുന്ന ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ശമ്പള വിതരണം നിര്‍ത്തി. തലമുറകളായി ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഉപജീവന മാര്‍ഗമാണ് ഇതോടെ പൂര്‍ണ്ണമായും നിലച്ചത്.

Related Articles

Back to top button