IndiaLatest

ഇന്ത്യയിൽ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 606 പേർ

“Manju”

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 24 മണിക്കൂറിനിടെ 32,695 പോസിറ്റീവ് കേസുകളും 606 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 968,876 ആയി. ആകെ മരണം 24,915 ആയി.
രാജ്യത്ത് പ്രതിദിന കേസുകൾ 32000 കടന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് നൽകുന്നത്. പുതിയ കേസുകളുടെ 60.33 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 19,726 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, രോഗമുക്തി നിരക്ക് 63.25 ശതമാനമായി ഉയർന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 20,782 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 612,814 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 331,146 ആണ്.

24 മണിക്കൂറിനിടെ 326,826 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐസിഎംആർ അറിയിച്ചു. ഇതോടെ ഇതുവരെ ശേഖരിച്ച സാമ്പിളുകളുടെ എണ്ണം ആകെ 1,27,39,490 ആയെന്നും ഐസിഎംആർ പറയുന്നു.

Related Articles

Back to top button