KeralaLatestThiruvananthapuram

യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനെ കണ്ടെത്തി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി. ജയ്‌ഘോഷിന്റെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. വീടിനു സമീപത്തെ പറമ്പില്‍ റോഡിനോട് ചേര്‍ന്നാണ് കണ്ടെത്തിയത്. നാട്ടുകാരനായ ബെന്നിയാണ് ജയ്ഘോഷിനെ ആദ്യം കണ്ടത്. റോഡിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒരാള്‍ മറിഞ്ഞു വീണ നിലയില്‍ കണ്ടപ്പോള്‍ പോയി നോക്കിയതാണെന്നാണ് ഇദ്ദേഹം അറിയിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് ജയഘോഷിനെ കാണാതായത്. ഒരു ഫോണ്‍ വന്നപ്പോള്‍ സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാത്രി മുഴുവന്‍ സമീപപ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയിരുന്നു. അവശനിലയിലായ ജയഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുമ്പയിലെ ഭാര്യവീട്ടില്‍ നിന്ന് ഇന്നലെ മുതലാണ് ജയഘോഷിനെ കാണാതായത്.

കയ്യില്‍ കരുതിയ ബ്ലേഡ് ഉപയോഗിച്ച്‌ ജയഘോഷ് ഇടത് കൈത്തണ്ട മുറിച്ചെന്നാണ് പൊലീസ് പറയുന്നത്. പരിക്ക് ആഴത്തിലുള്ളതല്ല. ബ്ലേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎയും കസ്റ്റംസും ചോദ്യംചെയ്യുമെന്ന ഭയം ജയഘോഷിന് ഉണ്ടായിരുന്നു. താന്‍ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ജയഘോഷ് പൊലീസിനോട് പറഞ്ഞു. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഘോഷ് മൂന്നു വര്‍ഷമായി യു എ ഇ കോണ്‍സുലേറ്റിലാണ് ജോലി ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‍നയുമായും സരിത്തുമായും ഘോഷ് ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറിലും ജോലി ചെയ്തിട്ടുള്ള ഘോഷിന് ചിലരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.

Related Articles

Back to top button