KeralaLatest

625 രൂപയ്ക്ക് സ്വകാര്യ ലാബിൽ ആന്റിജൻ പരിശോധന; സർക്കാർ ഉത്തരവ് ഇറക്കി…..

“Manju”

തിരുവനന്തപുരം:കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ, ഐസിഎംആർ അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കും ആശുപത്രികൾക്കും ആൻറിജൻ പരിശോധനയ്ക്കുള്ള ഫീസ് സർക്കാർ നിശ്ചയിച്ചു. 625 രൂപയായിട്ടാണ് നിരക്ക് നിശ്ചയിച്ചത്. നേരത്തെ 3500 രൂപവരെയാണ് ആന്റിജൻ പരിശോധനയ്ക്കു ലാബുകൾ ഈടാക്കിയിരുന്നത്.  ഡോക്ടറുടെ നിർദ്ദേശത്തോടെ വേണം പരിശോധനയ്ക്ക് എത്തേണ്ടത്.

നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻറ് ഹെൽത്ത് കെയർ (എൻഎബിഎച്ച്) അക്രഡിറ്റേഷൻ, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറീസ് (എൻഎബിഎൽ), ഐസിഎംആർ അംഗീകാരമുള്ള ലാബുകൾ, സംസ്ഥാന ആരോഗ്യവകുപ്പിൻറെ അംഗീകാരമുള്ള സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ആൻറിജൻ ടെസ്റ്റ് നടത്താം. ഇതിനായി ഐസിഎംആറിലും ആരോഗ്യവകുപ്പിലും റജിസ്റ്റർ ചെയ്തു അംഗീകാരവും വാങ്ങണം.

നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് മറ്റ് അംഗീകാരം നേടേണ്ടതില്ല. പരിശോധന നടത്തുന്ന ലാബുകളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണം. റിസൾട്ട് ആരോഗ്യവകുപ്പിനെ അറിയിക്കണം. ഐസിഎംആറിനും റിസൾട്ട് കൈമാറണം. ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആയാൽ വൈറസ് ബാധിതനാണെന്ന് സ്ഥിരീകരിക്കാം.
എന്നാൽ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുടെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ ആർടി പിസിആർ പരിശോധനയ്ക്ക് നിർദ്ദേശിക്കണം. രോഗ മേഖലയിൽ നിന്നൊ, കോൺടാക്ട് സംശയിക്കുന്നവരൊ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും 14 ദിവസം ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button