ErnakulamKeralaLatest

 ലാപ്ടോപ്പിനായി ഇനിയും പഞ്ചായത്ത് കയറി അപമാനിതരാകാൻ വയ്യ ഹൈക്കോടതിയെ സമീപിച്ച് അനഘ

“Manju”

കൊച്ചി: പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികൾക്ക് പഞ്ചായത്ത് വഴി ലഭിക്കേണ്ട ലാപ്ടോപ്പിനായി കോവിഡ് കാലത്ത് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നിരിക്കുകയാണ് അനഘയ്ക്ക്. പട്ടികജാതിയിൽപ്പെട്ട അനഘയ്ക്കും കുടുംബത്തിനും ഇനിയും പഞ്ചായത്ത് കയറിയിറങ്ങി അപമാനിതരാവാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് അഞ്ച് ആഴ്ചക്കകം ലാപ്ടോപ്പ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയും കാലടി ശ്രീശങ്കരാചാര്യ കോളേജിലെ എം.എ. സോഷോളജി രണ്ടാം വർഷ വിദ്യാർഥിനിയാണ് അനഘ. കോവിഡ് കാലത്തിന് മുൻപ് തന്നെ തുടങ്ങിയതാണ് ലാപ്ടോപ്പിന് വേണ്ടിയുള്ള അനഘയുടെയും അനുജത്തി ആർദ്രയുടേയും ഓട്ടം. 2018-ൽ ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ പി.ജിയിൽ ഒന്നാം വർഷം ചേരുന്ന സമയത്താണ് പഞ്ചായത്തിന്റെ എസ് സി എസ് ടി വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പിനായുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തിരം സമർപ്പിച്ചത്.

ആ വർഷം തന്നെ അർഹരായവരുടെ ലിസ്റ്റിൽ അനിയത്തി ആർദ്ര ബാബുവിന്റെ പേര് വന്നിരുന്നു. എന്നാൽ നിരന്തരം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ലാപ് ടോപ്പ് നൽകാതെ പഞ്ചായത്ത് അനാസ്ഥ കാണിച്ചു. 2018-2019 കാലഘട്ടത്തിൽ പ്രളയം കാരണമാണ് വൈകിയതെന്ന് പറഞ്ഞു. പിന്നീട് ഇത്തവണ കൊറോണ കാരണമാണ് വൈകിയതെന്നുമാണ് പറഞ്ഞത്. പിന്നീട് കെൽട്രോണിന് കൈമാറിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നതെന്നുമാണ് അവർ പറഞ്ഞത്. എന്നാൽ ഇതിനിടെ ഓൺലൈൻ പഠനവും മുടങ്ങി. കടുത്ത മാനസിക സംഘർഷമാണ് പഠനം മുടങ്ങിയതോടെ ഉണ്ടായത്. പിന്നീട് സുഹ്യത്തിന്റെ ലാപ് ടോപ്പ് കടം വാങ്ങിയാണ് പിജി പ്രോജക്ട് പൂർത്തിയാക്കിയത്.
തുടർന്ന് ദിശ എന്ന സംഘടന വഴി അഡ്വ. പി.കെ.ശാന്തമ്മ വഴി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും അഞ്ചാഴ്ച്ചയ്ക്കകം ലാപ്പ് ടോപ്പ് നൽകുവാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു.

കോവിഡ് കാലത്തിന് മുൻപ് തന്നെയാണ് ഞങ്ങൾ ലാപ്ടോപ്പിനായി പഞ്ചായത്തിനെ സമീപിച്ചിരുന്നതാണ്. അന്ന് പ്രളയമെന്നും പിന്നീട് കൊറോണയെന്നും പറഞ്ഞ് അവർ ഞങ്ങളെ അവഗണിച്ചു. എന്റെയും അനുജത്തിയുടേയും ഓൺലൈൻ പഠനം പോലും മുടങ്ങി. കൂലിപ്പണിക്കാരായ അച്ഛനും അമ്മക്കും വിദ്യാഭ്യാസം കുറവാണ്. എന്നിട്ടും അവർ ഞങ്ങൾക്ക് വേണ്ടി പഞ്ചായത്തിൽ നിരവധി തവണ കയറി ഇറങ്ങി. വളരെയധികം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. ചോർന്നൊലിക്കുന്ന ഒരു വീട്ടിൽനിന്ന് പഠിച്ചാണ് ഞാൻ സോഷ്യോളജിയിൽ നെറ്റ് വാങ്ങിച്ചത്. കോവിഡ് കാലത്ത് ഓൺലൈൻ പഠനം മുടങ്ങിയതോടെ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഞങ്ങൾ. ഹൈക്കോടതിയെ സമീപിച്ചത് എനിക്കോ എന്റെ അനുജത്തിക്ക് വേണ്ടിയോ മാത്രമല്ല. കേരളത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും വേണ്ടിയാണ് ഹൈക്കോടതിയിൽ പോയത്.- അനഘ വ്യക്തമാക്കി.

ഹൈക്കോടതി വിധി പ്രകാരം പഞ്ചായത്തിലെത്തിയപ്പോൾ ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ പൈസയുണ്ടെങ്കിൽ പിന്നെ പൈസ കൊടുത്ത് ലാപ്ടോപ്പ് വാങ്ങിച്ചാൽ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാൻ പിന്നെയും വരണോ എന്നായിരുന്നു പഞ്ചായത്ത് അധികൃതർ അധിക്ഷേപിച്ചത്. നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദ്യം ചെയ്തു. ഹൈക്കോടതി ഞാൻ പറയുന്നതാണ് കേൾക്കുക, എന്റെ ഭാഗത്താണ് ന്യായം, കെൽട്രോൺ എപ്പോൾ തരുന്നോ അപ്പഴേ നിങ്ങൾക്ക് ലാപ്പ് ടോപ്പ് ലഭിക്കുകയുള്ളൂ എന്നാണ് സെക്രട്ടറി അമ്മയോട് കയർത്ത് പറഞ്ഞത്.- അനഘ പറയുന്നു.

ഇത്തരം സംഭവങ്ങളിലൂടെ കടന്ന് പോകുന്ന നിരവധി കുട്ടികൾ ഇന്നും കേരളത്തിലുണ്ട്. പലർക്കും പരാതിപ്പെടാനുള്ള ധൈര്യം പോലും ഇല്ല. ഇപ്പോൾ ഹൈക്കോടതിയിലെത്തിയത് എനിക്ക് വേണ്ടി മാത്രമല്ല. ഇതൊരു മാതൃകയാകണം. ഇനിയും ഇതുപോലുള്ള അനാസ്ഥകൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നുമാണ് അനഘ പറയാനുള്ളത്.

Related Articles

Check Also
Close
Back to top button