KeralaLatest

എന്നിട്ടും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ :നടുക്കം വിട്ട് മാറാതെ രക്ഷാപ്രവർത്തകർ

“Manju”

എടത്വ • അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ കൈതമുക്കിൽ ഇന്നലെ ഉണ്ടായ അപകടം നാടിനെയാകെ നടുക്കി. കാർ തകർന്ന് രണ്ടായി മുൻവശം പാടത്തെ വെള്ളക്കെട്ടിൽ തല കുത്തി നിന്നതിനാൽ അതിനുള്ളിൽ കിടക്കുന്നവരെ കാണാൻ പോലും കഴിഞ്ഞില്ല. രക്ഷാപ്രവർത്തകർ കാറിന്റെ പിൻഭാഗം പൊളിച്ച് പുറത്തെടുക്കാൻ നോക്കിയപ്പോഴാണ് രണ്ടു പേരുണ്ടെന്ന് അറിയുന്നത്. സമീപവാസിയായ വിനോദ് വർഗീസ് വീട്ടിൽ ജോലിക്കുണ്ടായിരുന്നവരെ കൂട്ടി വാഹനം കയർ കെട്ടിപ്പൊക്കാൻ ശ്രമിച്ചെങ്കിലും കയർ പൊട്ടി താഴേക്കു പോയി.

എടത്വ പൊലീസും തകഴിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണു വാഹനം കരയ്ക്ക് എത്തിച്ചത്. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. എടത്വ സിഐ: എസ് ദ്വിജേഷ്, എസ്ഐ: സെസ്സിൽ ക്രിസ്റ്റ്യൻ രാജ്, അഗ്നിശമന സേന എഎസ്ടിഒ: വി.എ.സാബു, ജീവനക്കാരായ ടി.എൻ.കു‍ഞ്ഞുമോൻ, കെ.എം.മനോജ്, ജി.ധനേഷ്, ജസ്റ്റിൻ, പ്രജീഷ്, ബി.ജിത്തു എന്നിവരുടെ നേതൃത്വത്തിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിക്കുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് ചാക്കുകളിലായി കിടന്ന കോഴി മാലിന്യം രക്ഷാപ്രവർത്തനത്തിനു തടസ്സമായി. കടുത്ത ദുർഗന്ധമായിരുന്നു. ഇതൊന്നും വകവയ്ക്കാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു നാട്ടുകാർ.

അപകട സ്ഥലത്തെത്തിയ പലരും മാലിന്യത്തിൽ തെന്നി വീണു. എന്നിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ദുഃഖത്തിലാണ് അജി ജോസഫ്, ഷൈജു മണക്കുളം, ജോജി കരുവടി, ജിജി ചുടുകാട്ടിൽ സെൽവിൻ തോമസ് എന്നിവർ. ഇവിടെ വ്യാപകമായി കോഴി മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാർ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. തകഴി മുതൽ മരിയാപുരം വരെയുള്ള ഭാഗങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതും പതിവാണ്.

Related Articles

Back to top button