IndiaKannurKeralaLatestMalappuramThiruvananthapuramThrissur

സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് മൂന്ന് കോവിഡ് മരണങ്ങള്‍; കേരളത്തിലെ മോര്‍ച്ചറികളില്‍ കോവിഡ് പരിശോധനാ ഫലം കാത്ത് മൃതദേഹങ്ങള്‍ നിറയുന്നു; സ്ഥിതി​ഗതികള്‍ രൂക്ഷമാകവെ ഇന്ന് സര്‍വകക്ഷി യോ​ഗം ചേരും.

“Manju”

പ്രത്യേക റിപ്പോര്‍ട്ട്

  • 77 വയസ്സുള്ള ആനി ആന്റണിയുടെ മരണമാണ് കോവിഡ് മൂലമാണെന്ന് ഇന്ന് രാവിലെ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ, കാരപ്പറമ്പ് സ്വദേശിയായ റുഖ്യാബി എന്നിവരുടെ പരിശോധന ഫലവും പറത്തുവന്നു.

കാസര്‍കോട് ജില്ലയിലെ രാവണീശ്വരം സ്വദേശി മാധവന്‍(60), ആലപ്പുഴ കാട്ടൂര്‍ തെക്കേതൈക്കല്‍ വീട്ടില്‍ മറിയാമ്മ(85), ചെട്ടിവിളാകാം സ്വദേശി ബാബു(52), തിരുവനന്തപുരം പുല്ലുവിള ട്രീസ വര്‍ഗീസ്(60), പാറശാല സ്വദേശിനി തങ്കമ്മ(82) എന്നിവരുടെ മരണവും കോവിഡിനെ തുടര്‍ന്നാണെന്ന് വ്യാഴാഴ്ച സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തെ ആശുപത്രികളില്‍ നിരവധി മൃതദേഹങ്ങളാണ് കോവിഡ് പരിശോധനാ ഫലം കാത്ത് കിടക്കുന്നത്. പരിശോധനാ ഫലം വൈകുന്നത് സംസ്കാര ചടങ്ങുകള്‍ വൈകുന്നതിനും കാരണമാകുന്നു. സംസ്ഥാനത്ത് കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ നിലവില്‍ പത്ത് ദിവസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ജനസംഖ്യാ ആനുപാതികമായ പരിശോധന നടത്താനുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സാമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തിയത് വ്യാപക പരിശോധന നടത്തി വൈറസ് ബാധികരെ ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാലാണ്.

മെയ്‌ 4 മുതല്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണു കേരളത്തില്‍ രോഗികള്‍ വര്‍ധിച്ചത്. എന്നാല്‍ പ്രതിദിന പരിശോധന 10,000 കടന്നത് ജൂലൈ 7 മുതല്‍. പരിശോധന വര്‍ധിപ്പിക്കണമെന്നു വിദഗ്ധസമിതി അഭിപ്രായപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പിലെ ഉന്നതര്‍ അംഗീകരിച്ചില്ല. പ്രകടമായ രോ​ഗലക്ഷണങ്ങള്‍ ഉള്ളവരിലേക്ക് മാത്രം കേരളത്തിലെ ആരോ​ഗ്യ മേഖല ശ്രദ്ധ കൊടുത്തതോടെ രോ​ഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും കുടുംബാം​ഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും വൈറസ് ബാധയുണ്ടായി. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യം സംജാതമായി.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തില്‍ പ്രതിദിന രോഗികള്‍ കുറവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈമാസം 21 ന് പറഞ്ഞിരുന്നു. 20 ന് തമിഴ്‌നാട്ടില്‍ 4,985 കേസും കര്‍ണാടകയില്‍ 3,648 കേസും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ 794 കേസാണ് ഉണ്ടായിരുന്നത്. എന്നാല്‍‍ തമിഴ്‌നാട്ടില്‍ 58,475, കര്‍ണാടകയില്‍ 43,907 വീതം പരിശോധനകള്‍ നടന്നപ്പോള്‍ ഇപ്പോള്‍ കേരളത്തില്‍ 14,640 പരിശോധന മാത്രമാണ് നടന്നത്.

ആശുപത്രികള്‍ മൃതശരീരങ്ങളുടെ എണ്ണം കൂടുന്നത് മറ്റൊരുപ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മരണശേഷം കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രം സംസ്കരിക്കേണ്ട മൃതശരീരങ്ങള്‍ ദിവസങ്ങളോളം ആശുപത്രി മോര്‍ച്ചറികളില്‍ സൂക്ഷിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇത് വലിയ പ്രതിന്ധി സൃഷ്ടിക്കും. പല പ്രദേശങ്ങളിലും രോ​ഗബാധിതര്‍ കൂടുതലാണ് എന്ന നിലയിലുള്ള പ്രചാരണങ്ങളും ജനങ്ങളെ വലിയ തോതില്‍ പരിഭ്രാന്തരാക്കുന്നു.

പരിശോധനയുടെ കാര്യത്തില്‍ കേരളം 19 സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19 ന് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ചു കേരളത്തില്‍ 10 ലക്ഷം പേരില്‍ 180 പേര്‍ക്ക് എന്ന നിരക്കിലാണു പ്രതിദിന പരിശോധന നടക്കുന്നത്. പരിശോധനയില്‍ മുന്നിലുള്ള ഗോവയിലാകട്ടെ 1,333 പേര്‍ക്ക് എന്ന നിരക്കിലാണു പരിശോധന. ത്രിപുര – 643, തമിഴ്‌നാട് – 571, കര്‍ണാടക – 247 എന്നിങ്ങനെയും. ആദ്യഘട്ടത്തില്‍ പരിശോധനയുടെ കാര്യത്തില്‍ കേരളമായിരുന്നു മുന്നില്‍. രോഗികള്‍ വര്‍ധിച്ചപ്പോള്‍ അതിനനുസരിച്ചു പരിശോധന വര്‍ധിപ്പിച്ചില്ല.

സമൂഹവ്യാപനം നടന്നുവെന്നു രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള മേഖലകളില്‍ പോലും ഇപ്പോള്‍ വേണ്ടത്ര പരിശോധന നടക്കുന്നില്ല. ഏകദേശം 70,000 ജനസംഖ്യയുള്ള ഈ മേഖലകളില്‍ സമൂഹ വ്യാപനം നടന്നുവെന്നു 18 ന് കണ്ടെത്തിയ ശേഷം ഇതുവരെ മുന്നൂറില്‍ താഴെ പരിശോധനകളേ നടത്തിയിട്ടുള്ളൂ. മുതിര്‍ന്നവര്‍, ഇതര രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കു മാത്രമാണു പരിശോധന. ഇന്നലെ പൂന്തുറയില്‍ 49 പേരെയാണു പരിശോധിച്ചത്. പരിശോധനാ ഫലം ലഭിക്കുന്ന കാര്യത്തിലും കേരളം പിന്നില്‍ തന്നെ. പിസിആര്‍ പരിശോധനയ്ക്കു സാംപിള്‍ അയച്ചാല്‍ 4 ദിവസം കാക്കണം.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോ​ഗം ചേരും. ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ യോ​ഗത്തില്‍ ചര്‍ച്ചയാകും. ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ വേണമെന്നാണ് ആരോ​ഗ്യവിഭാ​ഗത്തിന്റെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ മറ്റ് നിയന്ത്രണങ്ങളും ചര്‍ച്ചയാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. അതിനുശേഷമാകും വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോ​ഗത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചു. പ്രാദേശികമായി പലസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനം വീണ്ടും പൂര്‍ണമായും അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സര്‍വകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച്‌ അന്തിമ തീരുമാനമെടുക്കാമെന്ന് ധാരണയായത്.

 

Related Articles

Back to top button