KeralaLatestThiruvananthapuram

കടലില്‍ ചാടി ജീവനൊടുക്കാനെത്തിയ യുവതിയെ രക്ഷിച്ച്‌ പൊലീസുകാരന്‍

“Manju”

സിന്ധുമോള്‍ ആര്‍

കടലിടുക്കില്‍ ചാടി ജീവനൊടുക്കാനെത്തിയ യുവതിയെ സാഹസികമായി രക്ഷപ്പെടത്തി സിവില്‍ പൊലീസ് ഓഫീസര്‍. വിഴിഞ്ഞം സ്‌റ്റേഷനിലെ സി.പി.ഒ റഷീദാണ് കടലിടുക്കിലെ പാറക്കൂട്ടത്തിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടയാണ് സംഭവം നടന്നത്. ലോക്ക് ഡൌണിനെതുടര്‍ന്ന് ഗതാഗത തിരക്ക് കുറഞ്ഞ റോഡില്‍ സ്കൂട്ടറിലെത്തിയ യുവതി കടല്‍ തീരത്തേയ്ക്കുള്ള വഴി ചോദിച്ചതില്‍ സംശയം തോന്നിയ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയാണ് സമീപത്ത് വിഴിഞ്ഞം – ചപ്പാത്ത് ചെക്ക് പോസ്റ്റില്‍ പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിനെ വിവരം അറിയിച്ചത്.

ഉടന്‍ തന്നെ തന്റെ ബൈക്കുമെടുത്ത് യുവതിയെ അന്വേഷിച്ചിറങ്ങിയ റഷീദ് സ്കൂട്ടിയില്‍ യാത്ര ചെയ്ത യുവതി ആഴിമല ശിവക്ഷേത്രം റോഡിലേയ്ക്കാണ് പോയതെന്ന് മനസിലാക്കി പുറകെ വിട്ടു. ഇതിനിടെ വിഴിഞ്ഞം സ്റ്റേഷനില്‍ വിവരം കൈമാറുകയും ചെയ്തു. ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ യുവതി തീരത്തോട് ചേര്‍ന്നുള്ള പാറക്കൂട്ടം ലക്ഷ്യമാക്കി ഓടുന്നത് കണ്ടു.

യുവതിയോട് അവിടെ നില്‍ക്കാന്‍ വിളിച്ച്‌ പറഞ്ഞ് റഷീദ് ഓടിവരുന്നത് കണ്ടതോടെ യുവതി കടലിനോട് ചേര്‍ന്നുള്ള വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് എടുത്തുചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച്‌ നില്‍ക്കാതെ റഷീദും കൂടെ ചാടി യുവതിയെ രക്ഷപെടുത്തി തീരത്തെത്തിച്ചു. നിസാര പരിക്കേറ്റ ഇരുവരും ഭാഗ്യം കൊണ്ട് മാത്രമാണ് ശക്തമായ തിരയടിയില്‍നിന്നും രക്ഷപ്പെട്ടത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ വിഴിഞ്ഞം സ്റ്റേഷനില്‍ എത്തിച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കാലടി സൗത്ത്സ്വദേശിനിയായ യുവതി വീട്ടുകാരുമായി പിണങ്ങിയാണ് ജീവനൊടുക്കാന്‍ വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് ഫോര്‍ട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചു. വൈകിട്ടോടെ എത്തിയ ബന്ധുക്കള്‍ക്കൊപ്പം യുവതിയെ വിട്ടയച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.

Related Articles

Back to top button