Uncategorized

വിശക്കുന്നുണ്ട് അല്ലേ??? വരുന്നു… രുചി ഭേദങ്ങളുടെ മാസ്മരിക രസക്കൂട്ടുമായി “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്”

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വിദേശ രാജ്യങ്ങളിൽ സ്ട്രീറ്റ് ഫുഡുകൾ വളരെ ജനപ്രിയമായിക്കഴിഞ്ഞു. വളരെ രുചികരവും വ്യത്യസ്തവുമായ വിഭവങ്ങൾ ഇത്തരം വഴിയോര ഹോട്ടലുകളിൽ നിന്ന് ലഭിക്കും. ഇത്തരം ഹോട്ടലുകൾ പലതും പ്രവർത്തിക്കുന്നത് രൂപമാറ്റം വരുത്തിയ ബസ്, ട്രക്ക് എന്നിവയിലാണ്.

കേരളത്തിൽ വഴിയോര തട്ടുകടകൾ വ്യാപകമാണെങ്കിലും അവിടുത്തെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വ്യാപകമായ പരാതികൾ ഉയർന്നു വരികയാണ്. വിദേശ രാജ്യങ്ങളിലെപ്പോലെ രൂപമാറ്റം വരുത്തിയ ബസുകളിലെ ഭക്ഷണ ശാലകൾക്ക് ഇക്കാരണത്താൽ തന്നെ കേരളത്തിലും നല്ല സാധ്യതയാണുള്ളത്. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും കഴിയും.

കേരളം വൈവിധ്യമാർന്ന രുചി ഭേദങ്ങളുടെ കലവറയാണ്. കപ്പ എന്ന സാധാരണ വിഭവത്തിൽ തുടങ്ങി ബിരിയാണി പോലുള്ള രുചികരമായ വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അതിൽ തന്നെ തിരുവിതാംകൂർ, കൊച്ചി, മലബാർ വകഭേദങ്ങളും… തെക്കൻ കേരളത്തിൽ വടക്കൻ കേരളത്തിലെ ഭക്ഷണത്തിനെ സ്നേഹിക്കുന്നവരുടെ വലിയ ഒരു സമൂഹം തന്നെയുണ്ട്. ഇത്തരം വൈവിധ്യമാർന്ന രുചി ഭേദങ്ങൾ യാത്രക്കാർക്കും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ന്യായമായ വിലയിൽ നല്ല ഗുണനിലവാരത്തിൽ ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ദിനംപ്രതി 30 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആർ.ടിയിൽ കോവിഡ് വ്യാപിക്കുന്നതിന് മുൻപ് യാത്ര ചെയ്തിരുന്നത്. യാത്രക്കാർക്ക് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭ്യമാകുന്നതനുസരിച്ച് ബസ് സ്റ്റാൻഡുകൾക്ക് പുറത്തും “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്” എത്തും. ആദ്യഘട്ടത്തിൽ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ താൽപര്യപത്രം ഉടൻ ക്ഷണിക്കുന്നതാണ്.

അപ്പോ തയ്യാറാകൂ…. ഒരു നേരത്തെ ഭക്ഷണം “കെ.എസ്.ആർ.ടി.സി ഫുഡ് ട്രക്ക്”ൽ നിന്നാകാം…

ടീം കെ.എസ്.ആർ.ടി.സി.

 

Related Articles

Back to top button