KeralaKozhikodeLatest

കോവിഡ് വ്യാപനം രൂക്ഷം: സ്വകാര്യ ബസ്സുകള്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടം നിര്‍ത്തുന്നു

“Manju”

വി.എം.സുരേഷ് കുമാർ

വടകര: സ്വകാര്യ ബസ്സുകള്‍ കോഴിക്കോട് ജില്ലയില്‍ ഓട്ടം നിര്‍ത്തുന്നു. വ്യാഴാഴ്ച ബസ്സുകള്‍ ഓട്ടം നിര്‍ത്തുകയാണെന്ന് അറിയിച്ച് ആര്‍ടിഒ ഓഫീസില്‍ അപേക്ഷ (ജി ഫോം) കൊടുക്കാനൊരുങ്ങുകയാണ് ഉടമകള്‍. ലോക്ഡൗണിനെത്തുടര്‍ന്ന് ഷെഡ്ഡിലായ സ്വകാര്യ ബസ്സുകള്‍ ഇനിയും നിരത്തിലിറക്കാനാവാത്ത സ്ഥിതിയാണെന്ന് ബസ്സുടമാ ഭാരവാഹികള്‍ പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭൂരിഭാഗംപേരും സ്വന്തം വാഹനങ്ങളില്‍ ജോലിക്കെത്തുന്നതും ഒപ്പം ഡീസല്‍ വിലക്കയറ്റവും സ്വകാര്യ ബസ്സുകള്‍ക്ക് തിരിച്ചടിയായി. 1260 സ്വകാര്യ ബസ്സുകളാണ് ലോക്ഡൗണിനുമുമ്പ് ഓടിയിരുന്നത്. അന്തര്‍ ജില്ലാ ബസ്സുകള്‍ വേറെയും. ലോക്ഡൗണിന് അയവ് വരുത്തിയശേഷം എട്ട് ശതമാനം ബസ് മാത്രമേ ഓടുന്നുള്ളു.

നിലവില്‍ നൂറോളം ബസ് മാത്രം. ഇതില്‍ ഭൂരിഭാഗവും വന്‍നഷ്ടം സഹിച്ചാണ് ഓടുന്നത്. ഡീസലിന് ലിറ്ററിന് 12 രൂപയാണ് കൂടിയത്. ഇപ്പോള്‍ ഓടുന്ന ബസ്സുകള്‍ക്ക് ഡീസല്‍ ചെലവുപോലും ലഭിക്കുന്നില്ല. സിറ്റി ബസ്സുകളിലും സ്ഥിതി വ്യത്യസ്തമല്ല. മിക്ക ബസ്സുകളും ഷെഡ്ഡിലാണ്.നേരത്തെ ഓരോ ബസ്സിലും ആറും എട്ടും തൊഴിലാളികള്‍ ഷിഫ്റ്റായി ജോലി ചെയ്തിരുന്നു. ലക്ഷത്തിലധികം പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിച്ചു. ഇവരുടെ വരുമാനമാണ് ബസ്സുകള്‍ ഓടാതായതോടെ നിലച്ചത്. പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. അവശേഷിക്കുന്നവര്‍ തൊഴില്‍ അന്വേഷിച്ച് അലയുകയാണ്. ഇപ്പോള്‍ ഒരു ബസ്സില്‍ രണ്ടുതൊഴിലാളികള്‍ക്കുമാത്രമേ പണിയുള്ളൂ. അവര്‍ക്കുതന്നെ പകുതി ബത്തയേ നല്‍കാനാകുന്നുള്ളൂ.

ഡീസല്‍ വില്‍പ്പന നികുതി ഒഴിവാക്കണം

ഡീസലിന്റെ വില്‍പ്പന നികുതി ഒഴിവാക്കി സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നാമമാത്ര നിരക്ക് വര്‍ധനകൊണ്ട് സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വീസ് നടത്താനാവില്ല. ക്ഷേമനിധി ബോര്‍ഡ് വഴിയുള്ള ധനസഹായം അംഗമല്ലാത്തവര്‍ക്കും ലഭ്യമാക്കണം. പ്രസിഡന്റ് എ അബ്ദുള്‍ നാസര്‍, ജനറല്‍ സെക്രട്ടറി എം തുളസിദാസ്, എം കെ പി മുഹമ്മദ്, എം എസ് സാജു, ഇ റിനീഷ്, കെ ടി വാസുദേവന്‍, കെ കെ മനോജ് എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button