KeralaLatestMotivation

ഫയാസിന്റെ പരസ്യവാചകം മിൽമയിൽ തിളങ്ങി ; പ്രതിഫലമായി കിട്ടിയത് റോയൽറ്റിയും ടിവിയും

“Manju”

മലപ്പുറം :നിഷ്കളങ്കമായ വാക്കുകൾ കൊണ്ട് ലക്ഷക്കണക്കിന് ആസ്വാദകരെ സ്വന്തമാക്കിയ മുഹമ്മദ് ഫയാസിനെ തേടി മിൽമയുടെ സമ്മാനമെത്തി. ‘ചേലോൽത് ശരിയാകും, ചേലോൽത് ശരിയാകില്ല… ‘ എന്ന മാസ് ഡയലോഗ് മിൽമ അതിന്റെ പരസ്യ വാചകമായി കടമെടുത്തിരുന്നു. ഇതിന് പ്രതിഫലമായാണ് ആൻഡ്രോയിഡ് ടിവിയും 10,000 രൂപയും മിൽമ ഉൽപ്പന്നങ്ങളുമായി അധികൃതർ ഫയാസിന്റെ വീട്ടിലെത്തിയത്.

സമ്മാനം സ്വീകരിച്ച ഫയാസിന്റെ കുടുംബം ഏവരെയും അതിശയിപ്പിച്ച് മറ്റൊരു തീരുമാനമെടുത്തു. ഫയാസിന് കിട്ടിയ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വീടിന് സമീപത്തെ നിർധന യുവതിയുടെ നിക്കാഹിനും നൽകും. തുട ഉടൻ കൈമാറുമെന്ന് ഫയാസിന്റെ കുടുംബം അറിയിച്ചു.

ഓൺലൈൻ പഠന ക്ലാസുകളെ പിന്തുടർന്ന് കടലാസിൽ പൂക്കൾ നിർമിക്കുന്ന ഫയാസിന്റെ വീഡിയോയാണ് വൈറലായത്. മലപ്പുറം ഭാഷയിലുള്ള വിവരണത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. പേപ്പർ മടക്കി പെൻസിൽകൊണ്ട് വരച്ച് കത്രികകൊണ്ട് പൂവ് വെട്ടിയുണ്ടാക്കുന്നതാണ് വീഡിയോ. എന്നാൽ, അവസാനം പേപ്പർ നിവർത്തുമ്പോൾ പൂവിന്റെ രൂപം കിട്ടുന്നില്ല. ഒട്ടും പതാറാതെ ”ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല. ഇന്റേത് റെഡ്യായില്ല. എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പൂല്ല്യ” എന്ന് പറഞ്ഞ് തടിയൂരുകയാണ് ഫയാസ്.

ഒട്ടും പതറാത്ത ഈ രംഗമാണ് വൈറലായത്. ഇതിൽ നിന്നുള്ള വാക്കുകൾ കടമെടുത്താണ് മിൽമ പരസ്യ വാചകമാക്കിയത്. സംഗതി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഫയാസിന് പ്രതിഫലം നൽകണമെന്ന ആവശ്യവുംണ ഉയർന്നു. തുടർന്നാണ് മിൽമ അധികൃതർ ഫയാസിന്റെ വീട്ടിൽ നേരിട്ടെത്തി സമ്മാനങ്ങൾ കൈമാറിയത്.
കുഴിമണ്ണ ഇസ്സത്ത് ഹയർ സെക്കൻഡറി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയായ കുഞ്ഞനുജൻ പകർത്തിയ വീഡിയോ സഹോദരിമാരായ ഫാലിഹയും നാഫിഹയുമാണ് ഉമ്മ മൈമൂനയെ കാണിച്ചത്. ഇവർ ജിദ്ദയിലുള്ള ഫായിസിന്റെ ഉപ്പ അബ്ദുൾ മുനീറിന് അയച്ചുകൊടുത്തു. ഉപ്പയാണ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്.

മുഹമ്മദ് ഫായിസിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ കുറിച്ച് സഹോദരിയും ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായ ഫാലിഹയാണ് സംസാരിച്ചത്.
“ഞങ്ങള്‍ അല്ല ഗ്രൂപ്പിലേക്ക് വിട്ടത്. ഞങ്ങള്‍ ഇത് ഇങ്ങനെ ആകുമെന്ന് വിചാരിച്ചിട്ട് പോലുമില്ല. ഞാനാണ് ഫസ്റ്റ് കണ്ടത്. മൊബൈലിലെ ഗ്യാലറി ഡിലീറ്റാക്കാന്‍ വേണ്ടി നോക്കിയപ്പോഴാണ് ഇത് കണ്ടത്. ഞാന്‍ കുറെ കണ്ട് ചിരിച്ചു, ഞാന്‍ ചിരിക്കുന്നത് കണ്ട് ഉമ്മ വന്നു. നിങ്ങളുടെ മോന്‍ കാട്ടി വെച്ചത് നോക്കാണി എന്ന് പറഞ്ഞ് ഉമ്മാക്ക് കാണിച്ച് കൊടുത്തു. ഉമ്മയും ഞാനും ഇത് കണ്ട് കുറെ ചിരിച്ചു, ചിരിച്ച് ചിരിച്ച് ഞങ്ങള്‍ക്ക് കണ്ണില്‍ നിന്ന് വരെ വെള്ളം വന്നു.. അങ്ങനെ ഉപ്പച്ചിക്കും വിട്ടു കൊടുത്തു. പിന്നെ, പിറ്റെ ദിവസം എളാപ്പയുടെ മകള്‍ വീട്ടില്‍ വന്നിരുന്നു. അവള്‍ വന്നപ്പോള്‍, ഫായിസിന് വലിയ കുറുമ്പൊന്നുമില്ല, അവന്‍ അധികം സംസാരിക്കുകയൊന്നുമില്ല, നല്ല കുട്ടിയാണ എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു, ആള്‍ കൂടുതല്‍ മീണ്ടൂല്ലങ്കിലും അവന്‍ ഒരു വീഡിയോ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അത് അവള്‍ക്കും കാണിച്ചു കൊടുക്കുകയായിരുന്നു. അവള്‍ അത് ഞങ്ങളുടെ കുടുംബ ഗ്രൂപ്പിലിട്ടു. അവിടെ ഞങ്ങളുടെ എളാപ്പയാണ് പുറത്തേക്കുവിട്ടത് ”.
ഫായിസിന്റെ വീഡിയോയിലെ മോട്ടിവേഷണല്‍ പോയിന്റൊന്നും ഞങ്ങള്‍ക്ക് ഇത് കണ്ടപ്പോള്‍ മനസ്സിലായിരുന്നില്ല എന്നാണ് സഹോദരി ഫാലിഹ പറഞ്ഞു. വീഡിയോ വൈറലായതിന് ശേഷമാണ് ഞങ്ങള്‍ക്ക് വീഡിയോ എന്ത് കൊണ്ടാണ് ചര്‍ച്ചയായത് എന്ന് മനസ്സിലായത്. ഓരോര്‍ത്തര്‍ മെസ്സേജ് അയക്കുമ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നത് എന്നാണ് ഫാലിഹ പറഞ്ഞത്.
ഇപ്പോള്‍ നിരവധി ആളുകളാണ് മുഹമ്മദ് ഫായിസിനെ തേടി വീട്ടിലേക്ക് വരുന്നത്. വീഡിയോ വൈറലായതിന് ശേഷം കുറേ ആളുകള്‍ വിളിച്ചിരുന്നു, കുറേ ആള്‍ വന്നും ചെയ്തു എന്നാണ് ഫായിസ് പറഞ്ഞത്.
ഹായ് ഫ്രണ്ട്‌സ് ഇന്ന് ഞമ്മള്‍ ഇണ്ടാക്കാന്‍ പോകുന്നത് ഒരു പൂവാണ്, ഇങ്ങന്ത്ത പൂവ് എന്ന് പറഞ്ഞ് കൊണ്ടാണ് ഫായിസ് തന്റെ വീഡിയോ തുടങ്ങുന്നത്… പേപ്പറും പെന്‍സിലും കത്രികയും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന പൂവ് പക്ഷെ, ഫായിസ് ഉദ്ദേശിച്ച രീതിയില്‍ വരാതായപ്പോള്‍ ഫായിസ് പറയുന്ന വാക്കുകളാണ് ചിരിയേക്കാള്‍ കൂടുതല്‍ ചിന്തക്ക് വയിമാറിയത്. ചെലോല്‍ത് റെഡ്യാവും ചെലോല്‍ത് റെഡ്യാവൂല, എന്റേത് റെഡ്യായില്ല….ഇന്റത് ഇങ്ങനെ രണ്ട് ഷെയപ്പായിട്ട് ആയിവന്നിക്കിണ്..അപ്പോള്‍, ഇന്റത് റെഡ്യായില്ല, ഇന്റത് വേറെ മോഡലാ വന്നത്. അങ്ങനെ ആയാലും ഞമ്മക്കൊരു കുഴപ്പൂല.. എന്ന് പറഞ്ഞു കൊണ്ടാണ് രണ്ടു മിനിറ്റും രണ്ടു സെക്കന്റുമുള്ള വീഡിയോ അവസാനിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് പലരും ആറ്റിറ്റ്യൂഡ് എന്ന് പറഞ്ഞ് ഷെയർ ചെയ്തു.
ജീവിതത്തിലെ എല്ലാ പരിശ്രമങ്ങളും പാളിപോയി എന്ന് കരുതി നിരാശപ്പെട്ട് ഇരിക്കുന്നവര്‍ ഈ രണ്ട് മിനുറ്റ് വീഡിയോ കാണുക. ഇവനേക്കാള്‍ വലിയൊരു മോട്ടിവേറ്ററെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. എന്ന അടിക്കുറിപ്പോടെയാണ് ഫായിസിന്റെ രണ്ട് മിനിറ്റ് രണ്ടു സെക്കന്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

 

Related Articles

Back to top button