IndiaKeralaLatest

കോവിഡ്​: ഇന്ത്യയടക്കം ഏഴ്​ രാജ്യത്തുനിന്ന്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്ക്​

“Manju”

സിന്ധുമോള്‍ ആര്‍

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയു​ടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക്​ കുവൈത്തില്‍ താല്‍ക്കാലികമായി പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്​, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാര്‍ക്കാണ് പ്രവേശന വിലക്ക്​.

ആഗസ്​റ്റ്​ ഒന്നുമുതല്‍ കുവൈത്ത്​ അന്താരാഷ്​​ട്ര വിമാനത്താവളത്തില്‍ കൊമേഴ്​സ്യല്‍ വിമാന സര്‍വീസ്​ ആരംഭിക്കു​മ്പോള്‍ ഇൗ രാജ്യങ്ങളില്‍നിന്ന്​ ഒഴികെയുള്ള യാത്രക്കാര്‍ക്ക്​ കുവൈത്തിലേക്ക്​ വരാന്‍ മന്ത്രിസഭ അനുമതി നല്‍കിയതായി ഗവണ്‍മെന്റ്​ കമ്യൂണിക്കേഷന്‍ സെന്റര്‍ വ്യക്തമാക്കി. കുവൈത്ത്​ വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്​.

അവധിക്ക്​ നാട്ടില്‍ പോയി വിമാന സര്‍വീസ്​ നിലച്ചതിനാല്‍ തിരിച്ചുവരാന്‍ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന്​ പ്രവാസികള്‍ക്ക്​ തിരിച്ചടിയാണ്​ തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവര്‍ ആഗസ്​റ്റില്‍ വിമാന സര്‍വീസ്​ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതില്‍ ചിലരുടെ കുടുംബം കുവൈത്തിലാണുള്ളത്​. അടിയന്തരാവശ്യങ്ങള്‍ക്ക്​ രണ്ടോ മൂന്നോ ദിവസത്തേക്ക്​ പോയി കുടുങ്ങിയവരാണിവര്‍.
ഇനിയും തിരിച്ചെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ജോലി നഷ്​ട ഭീഷണി നേരിടുന്ന നിരവധി പേരാണുള്ളത്​. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഇന്ത്യന്‍, കുവൈത്ത്​ വ്യോമയാന വകുപ്പ്​ ചര്‍ച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ട്വീറ്റ്​ ചെയ്​തിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ പ്രശ്​നം പരിഹരിച്ച്‌​ പ്രവാസികള്‍ക്ക്​ കുവൈത്തിലേക്ക്​ തിരിച്ചുവരവിന്​ കളമൊരുങ്ങുമെന്നാണ്​ പ്രതീക്ഷ.

Related Articles

Back to top button