IndiaKeralaLatestThiruvananthapuram

ഉന്നത പഠനങ്ങളിൽ മലയാളവും

“Manju”

 

ന്യൂഡൽഹി :  മലയാളമുൾപ്പെടെയുള്ള ഭാഷകളിലും ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശം. സ്കൂൾ തലത്തിൽ ഹിന്ദി അടിച്ചേൽപിക്കാൻ ശ്രമമെന്ന് കസ്തൂരിരംഗൻ സമിതിയുടെ ശുപാർശയെക്കുറിച്ചു വിവാദമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഹിന്ദി മാറിയപ്പോൾ, സംസ്കൃതം കടന്നുവന്നു. സ്കൂൾതലത്തിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിനോടുള്ള എതിർപ്പ് അവഗണിക്കപ്പെട്ടു.

സാധ്യമാവുന്നിടത്തോളം 5–ാം ക്ലാസ് വരെയെങ്കിലും മാതൃഭാഷയിലോ തദ്ദേശഭാഷയിലോ പ്രാദേശികഭാഷയിലോ പഠനം. ഇത് 8–ാം ക്ലാസ്‌ വരെയും അതിനപ്പുറവുമാക്കുന്നത് ഉചിതം. കുട്ടികളുടെ മാതൃഭാഷയും സ്കൂളിലെ ബോധന ഭാഷയും രണ്ടെങ്കിൽ, അധ്യാപകർ 2 ഭാഷയും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കും.

ത്രിഭാഷാ പദ്ധതിയിലുൾപ്പെടെ എല്ലാ ക്ലാസിലും, ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലും സംസ്കൃതം തിരഞ്ഞെടുക്കാൻ അവസരം.

ഒരു ഭാഷയും അടിച്ചേൽപിക്കില്ല. 6– 8 ക്ലാസുകളിൽ കളികളിലൂടെയും മറ്റും രാജ്യത്തെ വിവിധ ഭാഷകൾ പരിചയപ്പെടാൻ അവസരം. വിവിധ ഭാഷകളിലെ പൊതു വ്യാകരണ ഘടന, സംസ്കൃതത്തിൽ നിന്നും മറ്റു ക്ലാസിക്കൽ ഭാഷകളിൽ നിന്നും വന്നിട്ടുള്ള പദങ്ങൾ, ഭാഷകൾ തമ്മിലുള്ള സ്വാധീനം തുടങ്ങിയവ പഠിക്കാം.

സെക്കൻഡറി തലത്തിൽ കൊറിയൻ, ജാപ്പനീസ്, ചൈനീസ്, തായ്, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, റഷ്യൻ തുടങ്ങിയ ഭാഷകൾ പഠിക്കാനും അവസരം.

മിഡിൽ സ്കൂൾ തലം വരെ ലളിതമായ സംസ്കൃത പാഠപുസ്തകങ്ങൾ.

ഭരണഘടനയുടെ 8–ാം പട്ടികയിലെ എല്ലാ ഭാഷകൾക്കും കേന്ദ്ര സഹായത്തോടെ സംസ്ഥാനങ്ങൾ അക്കാദമികൾ സ്ഥാപിക്കുക. പണ്ഡിതരും അതതു ഭാഷകൾ സംസാരിക്കുന്നവരും ഉൾപ്പെടുന്ന അക്കാദമികൾ പുതിയ ആശയങ്ങൾക്കു കൃത്യമായ പദങ്ങൾ നിർണയിച്ച് നിഘണ്ടുക്കൾ പുറത്തിറക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌ലേഷൻ ആൻഡ് ഇന്റർപ്രറ്റേഷൻ (ഐഐടിഐ) രൂപീകരിക്കുക.

പാലി, പേർഷ്യൻ, പ്രാകൃത് ഭാഷകൾക്കായി ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകൾ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംസ്കൃത വകുപ്പുകളും മറ്റു ഭാഷാ വകുപ്പുകളും ശക്തിപ്പെടുത്തുക.

ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ അധ്യാപനം മാത‍ൃഭാഷയിലോ തദ്ദേശ ഭാഷയിലോ ആക്കുന്നത് വർധിപ്പിക്കുക.

Related Articles

Back to top button