IndiaKeralaLatestThiruvananthapuram

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; കനത്ത സുരക്ഷയില്‍ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ നാളെ

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കുന്ന ഭൂമിപൂജയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ 12.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളികൊണ്ടുള്ള ശില സ്ഥാപിച്ച്‌ ക്ഷേത്രനിര്‍മാണത്തിനു തുടക്കം കുറിക്കും. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് പ്രദേശത്ത് ഒരുക്കുന്നത് അഭൂതപൂര്‍വ്വമായ സുരക്ഷ സജ്ജീകരണങ്ങള്‍ ആണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകളെന്ന് സംഘാടകര്‍ അറിയിച്ചു.

അയോധ്യ നഗരത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഫൈസാബാദിലും കനത്ത സുരക്ഷാ സന്നാഹമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ അയോധ്യയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. ഹനുമാന്‍ ഗഡി മുതല്‍ രാമക്ഷേത്രം വരെയുള്ള വഴിയില്‍ താമസിക്കുന്നവര്‍ക്കെല്ലാം പ്രത്യേക പാസ് നല്‍കിയിട്ടുണ്ട്. പുറത്തു നിന്നുള്ളവരില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരും രാജ്യത്തെയും നേപ്പാളില്‍ നിന്നുമുള്ള മുനിമാരും സന്യാസിമാരുമടക്കം 175 അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങിന്റെ ഭാഗമാകും.

അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിലൂടെ പദ്മശ്രീ പുരസ്‌കാരം നേടിയ മുഹമ്മദ് യൂനുസിനേയും, അയോധ്യ ഭൂമി തര്‍ക്ക കേസിലെ പ്രധാന വ്യവഹാരികളില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരിയേയും ഭൂമി പൂജ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി അതിഥികള്‍ക്ക് നല്‍കിയിരിക്കുന്ന ക്ഷണ കത്തുകള്‍ ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാനാകൂ. ചടങ്ങുകള്‍ക്ക് അയോധ്യയില്‍ എത്തിയവര്‍ക്ക് ഇന്നലെ ക്ഷണ കത്തുകള്‍ കൈമാറി. മറ്റുള്ളവര്‍ വരുന്ന മുറയ്ക്ക് ചടങ്ങിന് മുമ്പായി അവരുടെ ക്ഷണ കത്തുകള്‍ കൈമാറും. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ആനന്ദിബെന്‍ പട്ടേല്‍, യോഗി ആദിത്യനാഥ് എന്നിവരുടെ പേരിലാണ് ക്ഷണ കത്തുകള്‍ അയക്കുന്നത്.

എല്ലാ ക്ഷണകത്തുകളിലും ഓരോ സുരക്ഷാ കോഡുകള്‍ ഉണ്ടായിരിക്കും. ഒരു തവണ മാത്രമാണ് ഇത് സ്‌വൈപ്പ് ചെയ്യാനാകുക. ഓരോ സീരിയല്‍ നമ്പറും ഇതിലുണ്ടാകും. പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് ക്രോസ് ചെക്ക് ചെയ്യും. ആര്‍ക്കും കാര്‍ഡ് കൈമാറാനാവില്ല. ഒരു തവണ മാത്രമേ ഉപയോഗിക്കാനും പറ്റൂ.

ചടങ്ങ് നടക്കുന്ന വേദിയിലേക്ക് മൊബൈല്‍ ഫോണ്‍, ക്യാമറ, മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതിയില്ല. അതിഥികള്‍ക്ക് വാഹന പാസുമില്ല. അവയ്ക്ക് ക്ഷേത്രത്തിന് മുമ്പിലായി പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് വേദിയിലേക്കെത്താന്‍ 250 ഓളം അടി നടക്കേണ്ടി വരും. എല്ലാ അതിഥികളും രാവിലെ 10.30 ന് അവരുടെ സീറ്റുകളിലെത്തുമെന്നാണ് ട്രസ്റ്റ് ഭാരാവാഹികള്‍ അറിയിച്ചത്. രാവിലെ എട്ടിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിലാണ് ചടങ്ങ്.

11.30 ന് എത്തുന്ന പ്രധാനമന്ത്രി ഹനുമാന്‍ഗഡി ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമായിരിക്കും രാമജന്മഭൂമിയിലെത്തുക. 12.30 ന് ആരംഭിക്കുന്ന ചടങ്ങുകള്‍ 2 മണിവരെ നീണ്ടേക്കും. അയോധ്യയുടെ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഭൂമി പൂജയ്ക്ക് പുറമെ ക്ഷേത്രത്തിന്റെ പുതിയ മോഡലുള്ള അഞ്ചു രൂപ തപാല്‍ സ്റ്റാംമ്പ് പ്രധാനമന്ത്രി പുറത്തിറക്കുകയും ചെയ്യും.

ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള കര്‍മങ്ങള്‍ ഇന്നലെ ആരംഭിച്ചു. ഗൗരി ഗണേശ പൂജ നടന്നു. ഇന്നു രാമപൂജ നടക്കും. വാരാണസി, പ്രയാഗ് രാജ്, അയോധ്യ എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള 21 പൂജാരിമാരാണ് കാര്‍മികത്വം വഹിക്കുന്നത്.

Related Articles

Back to top button