InternationalLatest

ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിന് ജന്മദിനാശംസകളുമായി എലിസബത്ത് രാജ്ഞി

“Manju”

പ്രശസ്തിക്കും വിവാദങ്ങൾ നൽകിയ കുപ്രശസ്തിക്കുമിടെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിന് 39–ാം ജൻമദിനാഘോഷം. ആഘോഷമായ കൂടിച്ചേരൽ ഇല്ലെങ്കിലും ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ മേഗന് ജൻമദിനാശംസകൾ നേർന്നു. ലോകത്തെ ഏറ്റവും പാരമ്പര്യമുള്ള രാജകുടുംബത്തിൽ നിന്നുള്ള വേർപിരിയൽ പ്രഖ്യാപിച്ച മുൻ നടിയും മോഡലുമായ മേഗനുമൊത്ത് നിൽക്കുന്ന ചിത്രം തന്നെയാണ് എലിസബത്ത് രാജ്ഞി ആശംസയായി പോസ്റ്റ് ചെയ്തത്. ബ്രിട്ടിഷ് രാജകുടുംബം മേഗനെ പൂർണമായി കൈവിട്ടിട്ടില്ലെന്ന സൂചനയും ആശംസയിൽ വ്യക്തം.

രാജ്ഞിയുടെയും രാജകുടുംബത്തിന്റെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മേഗനുള്ള ആശംസ കൈമാറിയിരിക്കുന്നത്. 2018ൽ മേഗന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ളതാണ് ചിത്രം. സസക്സിന്റെ പ്രഭ്വിക്ക് സന്തോഷകരമായ ജൻമദിനം ആശംസിക്കുന്നു എന്ന അടിക്കുറിപ്പും ചിത്രത്തിനൊപ്പം ചേർത്തിട്ടുണ്ട്.

വില്യം രാജകുമാരനും കേറ്റ് മിഡിൽടണും പോസ്റ്റ് ചെയ്തത് മേഗൻ ഒരു കുട്ടിക്കൊപ്പം നിൽക്കുന്ന സന്തോഷ ചിത്രമാണ്. ചാൾസ് രാജകുമാരനും കാമിലയും മേഗന്റെ ജൻമദിനം മറന്നില്ല. മേഗന്റെ അതീവ സുന്ദരമായ മറ്റൊരു ചിത്രമാണ് അവർ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ഹാരി രാജകുമാരനും 14 മാസം പ്രായമായ മകൻ ആർച്ചിക്കുമൊപ്പം ഇപ്പോൾ അമേരിക്കയിലാണ് മേഗൻ. ജനുവരിയിലാണ് ഇവർ ബ്രിട്ടിഷ് രാജകുടുംബവുമായുള്ള ബന്ധം വേർപെടുത്തി സ്വതന്ത്രമായി ജീവിക്കാൻ തീരമാനിച്ചത്. എന്നാൽ പിതാവുമായുള്ള പ്രശ്നങ്ങളുടെ പേരിൽ മേഗൻ കോടതി നടപടികളിലേക്കും ഇടക്കാലത്ത് വഴിച്ചിഴയ്ക്കപ്പെട്ടു. മേഗനും ഹാരിയും തമ്മിൽ പ്രണയം തുടങ്ങിയപ്പോൾ തന്നെ വില്യം രാജകുമാരൻ അനിഷ്ടം പ്രകടിപ്പിച്ചെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ വിവാദങ്ങളൊന്നും ബാധിക്കാത്ത രീതിയിലാണ് രാജകുടുംബാംഗങ്ങൾ മേഗന് ആശംസ നേർന്നിരിക്കുന്നത്.

Related Articles

Back to top button