KeralaLatestThiruvananthapuram

കൊറോണക്കാലത്ത് ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയര്‍ന്നതായി കണക്കുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: കൊറോണ മൂലമൂള്ള അടച്ചിടല്‍ മിക്ക വ്യവസായങ്ങളുടെയും നടുവൊടിച്ചു. എന്നാല്‍, ചില ഉത്പന്നങ്ങളുടെ വില്പന പല മടങ്ങ് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിരോധ ശേഷി ഉയര്‍ത്തുന്ന പമ്പരാഗത ഉത്പന്നങ്ങള്‍ മുതല്‍ നൂഡില്‍സും സാനിറ്റൈസറും വരെ ഇതില്‍ പെടുന്നു.

പ്രതിരോധന ശേഷി കൂട്ടാനായി ഇന്ത്യക്കാര്‍ വന്‍തോതിലാണ് ച്യവനപ്രാശം വാങ്ങിക്കൂട്ടിയത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇവയുടെ വില്പനയില്‍ 700 ശതമാനത്തിലേറെ വര്‍ധനയാണ് ഉണ്ടായതെന്ന് പ്രമുഖ വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ ഹോള്‍ഡിങ്‌സിന്റെ പഠനം വ്യക്തമാക്കുന്നു. കൊറോണ പിടിക്കാതിരിക്കാന്‍ പ്രതിരോധ ശേഷി കൂട്ടണമെന്നും ഇതിന് ച്യവനപ്രാശം ഉത്തമമാണെന്നും കണ്ടാണ് ഇത്. ഡാബര്‍, ഹിമാലയ തുടങ്ങിയ ദേശീയ ബ്രാന്‍ഡുകള്‍ക്കു പുറമെ, കേരളത്തിന്റെ സ്വന്തം ആയുര്‍വേദ ശാലകളും ഇവയുടെ വില്പനയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു.

ലോക്ഡൗണില്‍ കുടുംബവും കുട്ടികളും വീട്ടില്‍ തന്നെ കഴിയേണ്ടി വന്നതോടെ പാക്കേജ് ഭക്ഷ്യോത്പന്നങ്ങളുടെ വില്പനയും പല മടങ്ങ് ഉയര്‍ന്നു. മാഗി നൂഡില്‍സിന്റെ വില്പന ഉയര്‍ന്നതോടെ നെസ്‌ലേയുടെ വരുമാനം തന്നെ ഉയര്‍ന്നു. കിറ്റ്കാറ്റ്, മഞ്ച് തുടങ്ങിയ ചോക്ലേറ്റുകളുടെ വില്പനയും കൂടി. പ്രമുഖ ബിസ്കറ്റ് നിര്‍മാതാക്കളായ ബ്രിട്ടാനിയയ്ക്കും വില്പനയില്‍ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. പാര്‍ലെയുടെ പാര്‍ലെ-ജി ബിസ്കറ്റുകള്‍ക്ക് ഏപ്രില്‍-മേയ് കാലയളവില്‍ റെക്കോഡ് വില്പനയായിരുന്നു.

ശുചി ഉത്പന്നങ്ങളുടെ വില്പനയില്‍ റെക്കോഡ് മുന്നേറ്റമാണ് ഇക്കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. ഡെറ്റോള്‍, ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍ എന്നിവയുടെ വില്പന കൂടിയതോടെ റെക്കിറ്റ് ബെന്‍കൈസറിന്റെ വരുമാനത്തില്‍ 10 ശതമാനത്തിനടുത്ത് വളര്‍ച്ചയുണ്ടായി. ടോയ്‌ലറ്റ് ക്ലീനിങ് ഉത്പന്നങ്ങള്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവയുടെയെല്ലാം വില്പന വന്‍തോതില്‍ കൂടിയിട്ടുണ്ട്.

അടച്ചിടലില്‍ ജനം വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ അത് മാറ്റാന്‍ അവര്‍ വാങ്ങിക്കൂട്ടിയ ഉത്പന്നങ്ങളാണ് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും. ഓണ്‍ലൈന്‍ പഠനവും ഇവയുടെ വില്പന കൂടാന്‍ സഹായിച്ചു. വീട്ടുജോലിക്കാര്‍ എത്താതായതോടെ ഡിഷ് വാഷര്‍, വാക്വം ക്ലീനര്‍, വാഷിങ് മെഷീന്‍ എന്നിവയുടെ വില്പന താരതമ്യേന കൂടി. എന്നാല്‍, ആവശ്യത്തിന് സ്റ്റോക് ഇല്ലാത്തത് ചിലയിടങ്ങളില്‍ വ്യാപാരികളെയും നിര്‍മാതാക്കളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

Related Articles

Check Also
Close
Back to top button