രാജമല ദൗത്യം ജയിച്ചു; പൊലീസിലേക്ക് എട്ടു നായ്ക്കുട്ടികള്‍ കൂടി

സിന്ധുമോള്‍ ആര്
തിരുവനന്തപുരം: രാജമല ഉരുള്‍പൊട്ടല്‍ സ്ഥലത്തെ ദൗത്യം വിജയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേരള പൊലീസ് എട്ടു നായ്ക്കളെ കൂടി വാങ്ങുന്നു. പ്രത്യേക പരിശീലനം നല്കിയ ശേഷം ഇവയെ എട്ടു ജില്ലകളില്‍ വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.
ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി മുന്‍കൈയെടുത്ത് അടുത്തിടെ വിദേശ ബ്രീഡ് നായ്ക്കളെ ശ്വാനസേനയില്‍ എത്തിച്ചിരുന്നു. ഇവയുടെ ഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങളില്‍ വിവാദങ്ങളും ഉയര്‍ന്നു. ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പെട്ട 10 മാസം മാത്രം പ്രായമുള്ള മായയെന്നും ലില്ലിയെന്നും വിളിപ്പേരുള്ള നായ് ആണ് രാജമലയില്‍ മണ്ണിനടിയില്‍നിന്ന് അഞ്ചിലധികം മൃതദേഹം കണ്ടെത്താന്‍ സഹായിച്ചത്. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്ത്തിയാകുന്നതിനുമുമ്പാണ് ലില്ലിയെയും മറ്റൊരു നായ് ആയ ഡോണയെയും പ്രത്യേക ദൗത്യത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുന്‍കൈയെടുത്ത് മൂന്നാറിലേക്കയച്ചത്. രണ്ടു ബാച്ചിലായി 35 നായ്ക്കളാണ് അക്കാദമിയില്‍ പരിശീലനം നേടുന്നത്.
ലില്ലി ഉള്‍പ്പെടെ രണ്ടു നായ്ക്കള്‍ക്കാണ് മണ്ണിനടിയിലെ മൃതദേഹം കണ്ടെത്തുന്നതില്‍ പരിശീലനം നല്‍കുന്നത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.ജി. സുരേഷിന്റെ നേതൃത്വത്തില്‍ പരിശീലനം നേടുന്ന ഇവളുടെ ഹാന്ഡ്ലര് പി. പ്രഭാത് ആണ്. ഡോണ മണ്ണിനടിയില്‍ മനുഷ്യര്‍ ജീവനോടെയുണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. വര്‍ക്കിങ് ലാബ്രഡോര്‍ വിഭാഗത്തില്‍പെട്ട ഡോണയുടെ പരിശീലകന് കെ.എസ്. ജോര്‍ജ് മാനുവല്‍ ആണ്.
കാടിനുള്ളിലെ തിരച്ചിലിനും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതിനും വിദഗ്ധരാണ് ബാച്ചിലെ മറ്റ് നായ്ക്കള്‍. പഞ്ചാബ് പൊലീസിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് ഇവയെ വാങ്ങിയത്. എട്ടു നായ്ക്കള്‍ക്ക് മയക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. 150 നായ്ക്കളാണ് ഇപ്പോള്‍ പൊലീസിലുള്ളത്. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ‘വിശ്രാന്തി’യില്‍ 19 നായ്ക്കള്‍ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.