AlappuzhaKeralaLatest

ഒന്നര കിലോമീറ്റർ വിസ്തൃതിയിൽ കനത്ത സ്ഫോടനശബ്ദം:ഭൂചല ഭീതിയിൽ ഒന്നര മിനിറ്റ്

“Manju”

ചെങ്ങന്നൂർ • ഒന്നര മിനിറ്റ് നീണ്ടുനിന്ന വൻ ശബ്ദത്തിന്റെ ഞെട്ടലിൽനിന്നു തിരുവൻവണ്ടൂർ ഗ്രാമം മുക്തരായിട്ടില്ല. ഇന്നലെ രാവിലെ 11.50നാണു പഞ്ചായത്തിലെ 4, 5,12 വാർഡുകളിൽ വൻ സ്ഫോടനശബ്ദം ഉണ്ടായത്. ഒന്നര കിലോമീറ്റർ വിസ്തൃതിയിൽ കനത്ത സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.

വീടുകളുടെയും ഭിത്തിയിൽ ചെറുതും വലുതുമായ വിള്ളലുകളുണ്ടായതോടെ പലരും ഭയന്നു പുറത്തേക്കോടി. 4–ാം വാർഡ് ഇലവുംപറമ്പിൽ വർഗീസിന്റെ വീട്ടിലെ അടുക്കളയുടെ സ്ലാബിന്റെ കോൺക്രീറ്റ് അടർന്നു.പാത്രങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങിയതായി നാട്ടുകാർ പറയുന്നു. വിവരം അറിഞ്ഞു സജി ചെറിയാൻ എംഎൽഎയും ആർഡിഒ ജി.ഉഷാകുമാരിയുടെ നേതൃത്വത്തിൽ റവന്യു സംഘവും സ്ഥലത്തെത്തി. നാശനഷ്ടം കണക്കാക്കാൻ റവന്യു അധികൃതർ പഞ്ചായത്ത് ഓവർസീയർക്കു നിർദേശം നൽകി.

കെട്ടിടങ്ങളുടെ വിള്ളൽ പരിശോധിക്കാൻ പി‍‍ഡബ്ല്യുഡി എൻജിനീയർക്കു കത്തു നൽകുമെന്നും അധികൃതർ പറഞ്ഞു. എറണാകുളം റേഞ്ച് ഡിഐജി എസ്.കാളിരാജ് മഹേഷ്കുമാർ, തഹസിൽദാർ എസ്.മോഹനൻ പിള്ള, ഡിവൈഎസ്പി പി.വി.ബേബി, ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ, ബിജെപി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ എന്നിവരും സ്ഥലത്തെത്തി. ജനങ്ങളുടെ ഭയാശങ്ക അകറ്റാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു സ്ഥലംസന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

ഭൂമിയുടെ അടിത്തട്ടിൽ പലതരം പാളികൾ ഉള്ളതിൽ, ചെളി കൊണ്ടുള്ള പാളിയിൽ വെള്ളം നിറയുകയും ഇതു താങ്ങാനാകാതെ വന്നപ്പോൾ മർദം പുറന്തള്ളിയതുമാണു തിരുവൻവണ്ടൂരിൽ സംഭവിച്ചത്. ഭൂചലനം ഒരു ചെറിയ പ്രദേശത്തു മാത്രമായി അനുഭവപ്പെടില്ല. ആശങ്കപ്പെടേണ്ട സ്ഥിതിയില്ല. കലക്ടർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്ന് അസി. ജിയോളജിസ്റ്റ് ഡോ.എ. ബദറുദ്ദീൻ, ഭൂജല വകുപ്പ് ഹൈഡ്രോ ജിയോളജിസ്റ്റ് ആർ.എൽ.അനുരൂപ് എന്നിവർ പറഞ്ഞു.

Related Articles

Back to top button