Article

നോക്കൂ..അക്ഷരവീടുകൾ ഇപ്പോഴും അടഞ്ഞു കിടപ്പാണ്.

“Manju”
പുസ്തകങ്ങള്‍ അറിവും വിനോദവും നല്‍കുന്നു.

ലൈബ്രറിയുടെ വാതിലുകള്‍ അട‍ഞ്ഞുതന്നെ

ശൈലേഷ് കുമാര്‍, കന്മനം

കൊവിഡ് 19 കാലഘട്ടം തീർത്ത അടച്ചു പൂട്ടൽ ചില്ലറയൊന്നുമല്ല പൊതുമണ്ഡലത്തില്‍ സ്വാധീനം ചെലുത്തിയത്. സാംസ്കാരിക സ്ഥാപനങ്ങളെയും അത് വളരെയധികം ബാധിച്ചു. നിത്യോപയോഗ സാധനങ്ങള്‍പോലെ അത്രയധികം മുന്‍ഗണനാപ്രദമല്ല സാംസ്കാരിക പ്രവര്‍ത്തനം എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ ചിലര്‍ക്ക് അത് ജീവവായുവാണ്. ഇത്തരത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏറെ ബാധിച്ച ഒന്നാണ് പൊതുവായനശാലകൾ. കൈപുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ വായനയിലേക്ക് പുതുതലമുറ ചുവടുമാറ്റിയെങ്കിലും ഇന്നും പുസ്തകളിൽ കൂടിയേ വായന പൂർണ്ണതയിലെത്തുകയുള്ളൂ എന്ന ധാരണ പുലർത്തുന്നവരും ഏറെയുണ്ട്. അവർ അക്ഷരമാധുര്യം നുകരാനായി സമ്മേളിക്കുന്നത് വായനശാലകളിൽ തന്നെയാണ്.

കൊറോണ തീർത്ത ലോക് ഡൗൺ പ്രതിസന്ധികൾക്ക് സർക്കാർ ഏറെക്കുറെ അയവ് വരുത്തിയെങ്കിലും വായനശാലകളുടെ വാതിലുകൾ തുറക്കപ്പെട്ടിട്ടില്ല. പുസ്തകങ്ങളുടെ കാര്യം പറയുകയാണെങ്കിൽ പേപ്പറുകളിൽ കൂടി കൊറോണ വൈറസ് പകരമെന്നും, വായനശാലകൾ തുറന്നാൽ സമൂഹ വ്യാപനത്തിന് ഇടയാകുമെന്നും കരുതിയാണ് ഇവ തുറന്നു കൊടുക്കാത്തത് എന്നാണ് വായനശാല അധികൃതർ പറയുന്നത്.

ഇപ്പറയുന്നതിൽ യാഥാർത്ഥ്യമുണ്ടെങ്കിലും രോഗവ്യാപനത്തിന് ഏറെ സാധ്യതയുള്ള മറ്റു പലതും ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നു എന്ന സത്യം കൂടി നാം കാണേണ്ടതുണ്ട്. ബസ് സർവീസ്, വിമാന സർവീസ്, ഹോട്ടലുകൾ, പഴം പച്ചക്കറി മത്സ്യ മാർക്കറ്റുകൾ എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. കേവലം ഒരു വായനശാലയിൽ നിന്ന് വൈറസ് വ്യാപനമുണ്ടാകുന്നതിനേക്കാൾ എത്രയോ അധികമാണ് മുകളില്‍ പറഞ്ഞവയില്‍ നിന്നൊക്കെ വൈറസ് ബാധയേൽക്കാനുള്ള സാധ്യതയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. എന്നാൽ ജാഗ്രത നടപടികളിലൂടെ ഇവയിലൂടെയൊക്കെയുള്ള രോഗവ്യാപനവും ഏറെക്കുറെ നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതും മറ്റൊരു സത്യമാണ്.

സംഗതി ഇങ്ങിനെയൊക്കെയാണെങ്കിൽ പൊതുവായനശാലകൾ തുറന്നുപ്രവർത്തിക്കുന്നതിൽ വിമുഖയെന്തിന് എന്നാണ് വായന പ്രേമികൾ ചോദിക്കുന്നത്. ആവശ്യമായ മുൻകരുതൽ എടുത്താൽ വായനശാലകൾക്കും പഴയ പോലെ പ്രവൃത്തിക്കാൻ സാധിക്കും എന്നവർ പറയുന്നു. പ്രവേശനം ക്രമപ്പെടുത്തുക, സ്കാനിംഗ് സംവിധാനം ഏർപ്പെടുത്തുക, സാനിറ്റെസർ, മാസ്ക് എന്നിവ നിർബ്ബന്ധമായും ഉപയോഗിക്കുക, പൊതു അകലം പാലിച്ചിരിക്കുക, തുടങ്ങിയ രക്ഷാമാർഗ്ഗങ്ങൾ സ്വീകരിച്ച് അക്ഷര വീടുകളെ പുനരുജ്ജീവിക്കുവാൻ ശ്രമിക്കണമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം ഇപ്പോൾ ദിനപത്രങ്ങളടക്കമുള്ള പ്രസിദ്ധീകരണങ്ങളും നിർത്തിവെച്ചിട്ടുണ്ട്. ചിലതൊക്കെ ഓൺലൈൻ പബ്ലിക്കേഷൻമാത്രമായി പരിണമിച്ചു. റെയിൽഗതാഗതം പോലുള്ള യാത്ര മാധ്യമങ്ങൾ വീണ്ടും പഴയ പോലെ സർവ്വീസ് ആരംഭിക്കുമ്പോഴാണ് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വിതരണം സുഗമമാകുകയുള്ളൂ. യാത്ര സംവിധാനങ്ങളിൽ സുഗമത ഉണ്ടാകുമ്പോൾ സാമ്പത്തിക ക്രയവിക്രയങ്ങളും പുഷ്ടി പ്രാപിക്കും. അങ്ങിനെയാകുമ്പോൾ പരസ്യ വരുമാനം ലഭ്യമാകുകയും ദിനപത്രം മുതൽ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വരെയുള്ളവയ്ക്ക് ഈ ഓൺലൈൻ യുഗത്തിൽ പിടിച്ചു നിൽക്കാനും സാധിക്കും. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങൾക്കെങ്കിലും വായനക്കാരുടെ കൈകളിലെത്താൻ പൊതുവായനശാലകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണം.

കാരണം ശരീരികാരോഗ്യത്തിന് ഭക്ഷണവും, വ്യായാമവും എന്ന പോലെ മനസ്സിന്റെ ആരോഗ്യത്തിനും, വ്യായാമത്തിനും വായന അനിവാര്യമാണ്. കോവിഡ് തീർത്ത മാനസിക മരവിപ്പിൽ നിന്ന് മോചനം നേടാൻ വീണ്ടും വായനാ വസന്തം പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്ന വലിയൊരു കൂട്ടം നമുക്ക് ചുറ്റുമുണ്ടെന്നത് ആശ്വാസവും, പ്രത്യാശയും വിതറുന്നു. അതിനാൽ ഇവർക്കു മുമ്പിൽ പൊതുവായനശാലയുടെ കവാടങ്ങൾ താമസംവിനാ മലർക്കെ തുറക്കട്ടെ !

Related Articles

Back to top button