Latestഎഴുത്തിടം | Ezhuthidam

എന്‍റെ ശ്രേഷ്ഠ ഭാഷ

“Manju”

ശാന്ത സുരേന്ദ്രന്‍

 

മലയാളമാണെന്‍റെ മാതൃഭാഷ
പാലൂട്ടി താരാട്ടി തന്ന ഭാഷ
എന്നെയുണര്‍ത്തിയ രാഗഭാഷ
നറുനിലാവൊഴുകുന്ന നല്ല ഭാഷ
നന്മയാല്‍ ശോഭിക്കുമെന്‍റെ ഭാഷ
ചെറുശ്ശേരിതന്നൊരു ഗാഥ ഭാഷ
തുഞ്ചന്‍റെ കിളിപാടും ‘രാമ’ ഭാഷ
കുഞ്ചന്‍റെ ഹാസ്യമാം ‘അസ്ത്ര’ഭാഷ
പൂന്താനമേകിയ ഭക്തി ഭാഷ
ആശാനും ഉള്ളൂരും വള്ളത്തോളും
ഭൂലോകമെത്തിച്ച കാവ്യഭാഷ
വൈലോപ്പള്ളിതന്ന ശക്തി ഭാഷ
ഇടശ്ശേരി തന്നൊരു ‘അമ്മ’ഭാഷ
ചങ്ങമ്പുഴയുടെ പ്രേമഭാഷ
കാച്ചിക്കുറുക്കിയ പാലുഭാഷ
ഗംഗപോലൊഴുകുന്ന തീര്‍ത്ഥഭാഷ
ഹിമവാനെപോലെ ഉയര്‍ന്ന ഭാഷ
സ്നിഗ്ദമാം വെണ്ണപോലെന്‍റെ ഭാഷ
സ്നേഹ മാധുര്യമാണമ്മ ഭാഷ
ആഴത്തില്‍ മുങ്ങി പെറുക്കിയെടുക്കുവാന്‍
അക്ഷയ ഖനിയാണിന്നെന്‍റെ ഭാഷ
അര്‍ത്ഥങ്ങളാഴത്തിലുള്ള ഭാഷ
അസ്ത്രം കണക്കെഴും കൂര്‍ത്ത ഭാഷ
പൂമ്പാറ്റ തുമ്പികള്‍ തേന്‍ നുകരും വണ്ടുകള്‍
ഈണത്തില്‍ മൂളുമീ ശാന്തിഭാഷ
പമ്പയും കുന്തിയും പെരിയാറുമൊഴുകുന്ന
പാലരുവി പോലെന്‍റെ നാട്ടുഭാഷ
സംസാര ദുഃഖത്തില്‍ ആടിയുലയുമ്പോള്‍
ജീവാത്മ ദായിനിയെന്‍റെ ഭാഷ.
ജന്മ ജന്മാന്തരം ജീവനിലാര്‍ജ്ജിച്ച
പുണ്യപ്രവാഹമാണെന്‍റെ ഭാഷ
അമൃതാകും മലയാള ശ്രേഷ്ഠ ഭാഷ
ഈലോക മറിയുന്ന ജ്ഞാനഭാഷ.

Related Articles

Back to top button