ArticleHealthKeralaLatest

ആഗസ്റ്റ് 20 ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി

“Manju”

തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിലൂടെ കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ പോരാടുവാന്‍ സജ്ജമാക്കുകയുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

കൊതുകുജന്യ രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കേരളത്തില്‍ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വര്‍ധനയ്ക്ക് കാരണമാക്കുന്നു. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറക്കാന്‍ കഴിയുന്നതാണ്. സര്‍ക്കാര്‍ തലത്തിലോ പ്രാദേശിക തലത്തിലോ മാത്രം കൈകൊള്ളുന്ന നടപടികളിലൂടെ കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും കടമയായി കാണേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.

1897 ഓഗസ്റ്റ് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്. ഈ കണ്ടെത്തലിന്റെ സ്മരണയ്ക്കായാണ് ആഗസ്റ്റ് 20 ലോക കൊതുക് ദിനമായി നാം ആചരിക്കുന്നത്.

മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ രോഗം തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന മാരക രോഗങ്ങള്‍.

ക്യൂലക്‌സ് കൊതുകാണ് മന്ത്, ജപ്പാന്‍ജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, യെല്ലോഫീവര്‍ എന്നീ രോഗങ്ങള്‍ പരത്തുന്നു. അനോഫിലസ് കൊതുക് മലമ്പനി (മലേറിയ) രോഗവാഹിയാണ്. മാന്‍സോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.

കൊതുകു നിര്‍മ്മാര്‍ജന മാര്‍ഗങ്ങള്‍

കൊതുകുകളുടെ നിര്‍മാര്‍ജ്ജനത്തിനുള്ള എറ്റവും ഉചിതമായ മാര്‍ഗമായ ഉറവിട നശീകരണമാണ് (Source Reduction) ഏറ്റവും പ്രധാനം. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ടയറുകള്‍, കുപ്പികള്‍ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്താണ് ഉറവിട നശീകരണം സാധ്യമാക്കേണ്ടത്. റബര്‍ തോട്ടങ്ങളിലുള്ള ചിരട്ടകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ചുകളഞ്ഞ് കമഴ്ത്തി വെക്കണം. കെട്ടി കിടക്കുന്ന വെള്ളം നീക്കാം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്‍ബന്ധമായും നടത്തിയിരിക്കണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്ന അവസരത്തില്‍ ബക്കറ്റിലും മറ്റും ശേഖരിച്ചിട്ടുള്ള വെള്ളം കളഞ്ഞ് ബക്കറ്റ് കമഴ്ത്തി വെക്കാന്‍ ശ്രമിക്കണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്‍ നിന്നും രക്ഷ തേടേണ്ടതാണ്. വൈകുന്നേരങ്ങളിലും രാവിലെയുമാണ് ഈ കൊതുകുകള്‍ വീട്ടിലേക്ക് കടന്നുവന്ന് മനുഷ്യരെ കടിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ വരെ വീടുകളുടെ കതകും ജനാലകളും അടച്ചിടാന്‍ ശ്രമിക്കേണ്ടതാണ്.

കൂടാതെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുകയും, കുളങ്ങളിലും ആഴം കുറഞ്ഞ കിണറുകളിലും കൂത്താടികളെ തിന്നുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തുകയും ചെയ്യുന്നതിലൂടെ കൂത്താടികളെ നശിപ്പിക്കാനാകും. കൊതുക് നശീകരണത്തിനായി ഫോഗിങ്ങാണ് ഇപ്പോള്‍ പ്രധാനമായും പ്രയോഗിച്ച് വരുന്നത്. മാലത്തയോണ്‍ എന്ന കീടനാശിനിയില്‍ ഡീസലോ മണ്ണെണ്ണയോ ചേര്‍ത്ത മിശ്രിതമാണ് ഇതിനായുള്ള പ്രത്യേക ഫോഗിംഗ് ഉപകരണത്തില്‍ ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്തുകളും ഫോഗിംഗ് നടത്തുന്നുണ്ട്.

Related Articles

Back to top button