KeralaKottayamLatest

 മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: കുപ്പിവെള്ളത്തിന് വില കൂട്ടി വിറ്റവരിൽ നിന്നും മൂന്നു മാസത്തിനിടെ വൻ പിഴ

“Manju”

കോട്ടയം: കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിട്ടും വില കൂട്ടി വിൽക്കുന്നവരിൽ നിന്നും മൂന്നു മാസത്തിനിടെ 22,92,500 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് ലീഗൽ മെട്രോളജി കൺട്രോളർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ചിട്ടും 20 രൂപ ഈടാക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഇക്കൊല്ലം മാർച്ച് 17 ന് പുറപ്പെടുവിച്ച 5/2020 നമ്പർ സർക്കാർ ഉത്തരവിലാണ് കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ചത്. മാർച്ച് 17 മുതൽ ജൂൺ ഒന്നു വരെ കുടിവെള്ളം വില കൂട്ടി വിൽക്കുന്നവർക്കെതിരെ 394 പരാതികൾ ലഭിച്ചു. 544 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ നിന്ന് 22, 92, 500 രൂപ പിഴ ലഭിച്ചതായി കൺട്രോളറുടെ റിപ്പോർട്ടിൽ പറയുന്നു. വില കൂട്ടി വിൽക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടാൽ 1800-425-4835 എന്ന ടോൾ ഫ്രീ നമ്പറിലോ സുതാര്യം എന്ന മൊബൈൽ ആപ്പിലോ lmd.kerala.gov.in എന്ന വെബ് സൈറ്റിലോ പരാതി നൽകാം.

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ മറ്റ് നടപടികൾ ആവശ്യമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തിരുവാർപ്പ് സ്വദേശി മിഥുൻ കെ യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Related Articles

Back to top button