KeralaLatestSanthigiri NewsSpiritualThiruvananthapuram

നവജ്യോതി ശ്രീകരുണാകരഗുരു നവപൂജിതം സന്ദേശം

“Manju”

നവജ്യോതി ശ്രീകരുണാകരഗുരു

നവപൂജിതം സന്ദേശം

ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി

(ഗുരുപ്രകാശത്തില്‍ നിന്നും കിട്ടിയ അറിയിപ്പ് )

ആദിവേദത്തിൻ്റെയും ആദിസനാതനത്തിൻ്റെയും ധർമ്മമെന്തെന്ന് അറിയാതെ പോയ മാനവരാശിയുടെ ചരിത്രം. കാലഗണനകള്‍, മനു പരമ്പകള്‍, ഋതുഭേദങ്ങള്‍ കല്പാന്തങ്ങള്‍ ഇവയൊക്കെ എന്തെന്ന് അറിയാതെ ജന്മാന്തങ്ങളായി ജീവിച്ചു വരികയാണ് മനുഷ്യവംശം. വഴിതെറ്റിയ ജീവിത രീതികള്‍ കൊണ്ട് നമ്മളില്‍ നിന്നും പുണ്യവും ഭാഗ്യവും ധർമ്മവും മൂല്യങ്ങളും നഷ്ടപ്പെട്ടുപോയിരിക്കുന്നു. ദൈവ പ്രകാശമെന്തെന്നറിയാത്ത ഒരു കൂട്ടം ജനസമൂഹത്തെയാണ് ഇന്ന് ലോകത്തില്‍ കാണാന്‍ കഴിയുന്നത്. സമൂഹത്തില്‍ ഇത്തരം അറിവില്ലായ്മകൊണ്ടു പലതരത്തിലുള്ള വൈഷമ്യങ്ങളും വിഷമതകളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ദൈവ കനിവ് നമ്മളില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്താണ് ശരി എന്താണ് തെറ്റ് എന്നറിയാതെ ജനങ്ങള്‍ വഴിമുട്ടി നിൽക്കുകയാണ്. ലോകത്തില്‍ പലകാലങ്ങളിലായി വന്ന ഗുരുക്കന്മാരുടെ ചരിത്രമെടുത്തുനോക്കുമ്പോള്‍ അവരുടെയൊക്കെ ത്യാഗത്തെയും തപഃശക്തിയും മാനിക്കാതെ പോയ നമ്മുടെ മുന്‍കാല തലമുറയെ കാണുവാന്‍ കഴിയുന്നു. ജന്മാന്തരങ്ങളിലൂടെ കടന്നുവരുന്ന ഈ ജീവിത യാത്രയില്‍ ഭാഗ്യവും ഭാഗ്യക്കേടുമൊക്കെ തിരിച്ചറിയാന്‍ കഴിയാത്ത മാനവരാശി ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധികളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന കാഴ്ച, ഈശ്വരീയമായ അറിവിനെക്കുറിച്ച് പലപ്പോഴും അജ്ഞാതരായ നാം ഈ കാലഘട്ടത്തിനനുസരിച്ചു എന്താണ് വേണ്ടത് എന്തൊക്കെയാണ് വേണ്ടാത്തത് എന്ന് സ്വയം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ അവസരത്തില്‍ മനുഷ്യന്‍ അവനുണ്ടായിരിക്കുന്ന അന്ധാളിപ്പിന്റെ കാരണം ആലോചിക്കേണ്ടിയിരിക്കുന്നു. ജീവിക്കാൻ ബുദ്ധിമുട്ടുള്ള കാലത്തിലൂടെ ഓരോരുത്തരും സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ വരുന്ന വൈതരണികളെ അതിജീവിക്കാന്‍വേണ്ട ദൈവകനിവ് നമ്മള്‍ തന്നെ ആർജ്ജിക്കേണ്ടിയിരിക്കുന്നു. മഹാത്മാവായ ശ്രീനാരായണഗുരു പറയുന്നപോലെ ‘ദൈവമേ ! നീയല്ലോ സൃഷ്ടിയും, സൃഷ്ടാവായതും, സൃഷ്ടിജാലവും നീയല്ലോ, ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും’. ഈ ചിന്ത നമ്മളിലോരോരുത്തരിലും വരേണ്ടത്. പ്രശ്നങ്ങളിലും രോഗങ്ങളിലും പെട്ട് ഉഴലുന്ന സമൂഹത്തിലേക്കു ദൈവചിന്ത കൂടുതല്‍ കൊണ്ടു വരാന്‍ നമ്മുടെ പ്രാർത്ഥന കൊണ്ടു് കഴിയണം. ലോകത്തിന് മൊത്തമായി ഒരു കനിവും കാരുണ്യവുമുണ്ടാകാന്‍ എല്ലാവരും ഒന്നടങ്കം പ്രാർഥിക്കണം. ദൈവസന്നിധാനത്തിന്റെ മഹിമയെന്താണെന്ന് സ്വയം ചിന്തിക്കാനും മറ്റുള്ളവരെ ചിന്തിപ്പിക്കാനുള്ള കഴിവ് എല്ലാവര്‍ക്കും വന്നു ചേരണം.
ശാന്തിഗിരിയുടെ ധർമ്മം, അനുഭവ സിദ്ധാന്തത്തിൽ അടിയുറച്ച് നിൽക്കുന്ന ഒരു പാതയാണ്, ഒരു വലിയ പുണ്യാർജിതമായ ധർമ്മമാണത് . അതു മനസ്സിലാക്കി ആ ധര്‍മ്മത്തില്‍ കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ പ്രവർത്തിക്കാന്‍ എല്ലാവർക്കും ഒരുപോലെ കഴിയണം. ലോകമാസകലമുള്ള എല്ലാ കെടുതികളും മാറി പോകണം. നമ്മുടെ ജീവിതത്തെ ദൈവത്തോട് കൂടുതല്‍ അടുപ്പിക്കാന്‍ കഴിയട്ടെ ! അപ്പോഴുണ്ടാകുന്ന ദൈവ കനിവ് ജീവിതത്തില്‍ അനുഭവിച്ചു മുന്നോട്ട് പോകാന്‍ കഴിയട്ടെ !
മന്വന്തരങ്ങളുടെയും കല്പങ്ങളുടേയും ആദി വേദത്തിൻ്റേയും സ്വഭാവങ്ങളറിഞ്ഞ് പ്രവർത്തിച്ച് ഈ കലിയുഗത്തില്‍ നിന്ന് സത്യയുഗത്തിലേക്ക് മനുഷ്യരാശി എത്തിചേരണം. ഈ ലോകത്തിപ്പോഴുള്ളതും, ഇനി വരാനിരിക്കുന്നതുമായ സകല ചരാചരങ്ങുടേയും ജീവിത ലക്ഷ്യം ഇനി അതായിരിക്കണം. ശാന്തിഗിരിയുടെ കാഴ്ചയും അനുഭവത്തിന്റെ നിദാനവും ജാഗ്രതയുമെല്ലാം അതാണ്. എല്ലാമിതിലുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല ഈ ലോകത്തിലെ സകല ചരാചരങ്ങള്‍ക്കും കൂടി ഈ പുണ്യം കിട്ടണമേയെന്ന് നമുക്കേവർക്കും ഒരുമിച്ച് സമർപ്പണത്തോടെ പ്രാർത്ഥിക്കാം.
നമ്മുടെ ജീവിതത്തെ കൂടുതല്‍ ദൈവത്തോട് അടുപ്പിക്കാന്‍ കഴിയട്ടെ. അപ്പോഴുണ്ടാകുന്ന ദൈവകനിവ് ജീവിതത്തില്‍ അനുഭവിച്ച് മുന്നോട്ടുപോകാന്‍ കഴിയട്ടെ. ലോകത്തിന് മൊത്തമായി ഒരു കനിവും കാരുണ്യവും ഉണ്ടാകട്ടെ. ലോകമിന്നൊരു മഹാമാരിയുടെ പിടിയിലാണ്. എല്ലാ കെടുതികളും മാറി നമ്മുടെ സകല ദുഖങ്ങള്‍ക്കും ശാന്തിയും സമാധാനവുമുണ്ടാകട്ടെ. പുണ്യാര്‍ജിതമായ നല്ലൊരു ജീവിതത്തിലേക്ക് കടക്കുവാന്‍ നമുക്ക് കഴിയട്ടെ. ലോകത്താകമാനം സമാധാനവും ശാന്തിയും സൌഖ്യവും ഉണ്ടാകുവാന്‍ നമ്മുടെ എല്ലാമായ ഗുരുവിനോട് ശക്തമായി പ്രാര്‍ത്ഥിക്കാം.
ശാന്തിഗിരി അതിന്റെ സന്ദേശം തുടരുന്നു.

ആഗസ്റ്റ് 24 തിങ്കളാഴ്ച 2020

Related Articles

Back to top button