IndiaLatest

കാശ്മീരിലെ ക്രമസമാധാനം അടക്കമുള്ള സുപ്രധാന ചുമതലകള്‍ ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ക്ക്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ക്രമസമാധാനം അടക്കമുള്ള സുപ്രധാന ചുമതലകള്‍ ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്നത് അടക്കമുള്ള ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൊലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെല്‍, അഖിലേന്ത്യാ സര്‍വീസ് തുടങ്ങിയവരുടെ ചുമതലകള്‍ ലെഫ്. ഗവര്‍ണര്‍ക്കായിരിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അതില്‍ കൈകടത്താനാകില്ല.

സുപ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചീഫ് സെക്രട്ടറി വഴി ലെഫ്.
ഗവര്‍ണറുടെ ഓഫീസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ജമ്മുകാശ്‌മീരിലെ ക്രമസമാധാനം തകരുന്നതോ, ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയവരുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യമോ ഉണ്ടായാലും മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി ലെഫ്. ഗവര്‍ണറെ അറിയിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രധാനമന്ത്രിയും മറ്റും നല്‍കുന്ന അടിയന്തര പ്രാധാന്യമുള്ള സന്ദേശങ്ങള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലെഫ്. ഗവര്‍ണര്‍ക്കും നല്‍കണമെന്നും ചട്ടങ്ങളില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്‌ക്ക് സംസ്ഥാന ഉദ്യോഗസ്ഥര്‍, നികുതി, സര്‍ക്കാര്‍ സ്വത്ത് വകകള്‍, വകുപ്പുകളുടെ പുനഃനിര്‍ണയം, നിയമങ്ങളുടെ കരട് തയ്യാറാക്കല്‍ തുടങ്ങിയ ചുമതലകളാണുള്ളത്. വിദ്യാഭ്യാസം, കൃഷി, ഉന്നത വിദ്യാഭ്യാസം, ഹോള്‍ട്ടികള്‍ച്ചര്‍, തിരഞ്ഞെടുപ്പ്, പൊതുഭരണം, ആഭ്യന്തരം, മൈനിംഗ്, ഊര്‍ജ്ജം, പൊതുമരാമത്ത്, ആദിവാസി ക്ഷേമം, ഗതാഗതം തുടങ്ങി 39 വകുപ്പുകളായിരിക്കും ജമ്മുകാശ്‌മീരിലുണ്ടാകുക. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വകുപ്പുകള്‍ മന്ത്രിമാര്‍ക്ക് നല്‍കേണ്ട ചുമതലയും ലെഫ്. ഗവര്‍ണര്‍ക്കാണ്.

ലെഫ്. ഗവര്‍ണറുടെ തീരുമാനങ്ങളില്‍ മന്ത്രിസഭയ്‌ക്ക് എതിര്‍പ്പുണ്ടായാല്‍ അവ ഒരു മാസത്തിനകം പരിഹരിച്ച്‌ തീര്‍പ്പാക്കണം. പക്ഷേ, തീരുമാനത്തെ എതിര്‍ക്കാനാകില്ല. കേന്ദ്രസര്‍ക്കാരുമായോ, മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായോ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ മന്ത്രിസഭ ചീഫ് സെക്രട്ടറി മുഖാന്തരം ലെഫ്. ഗവര്‍ണറര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. മന്ത്രിസഭയുമായുള്ള അഭിപ്രായ വ്യാത്യാസങ്ങള്‍ ലെഫ്. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാര്‍ വഴി രാഷ്‌ട്രപതിയെ അറിയിക്കണം. തര്‍ക്കം പരിഹരിക്കപ്പെടുന്നതുവരെ തീരുമാനം പാടില്ല.

Related Articles

Back to top button