KeralaLatest

സമൂഹവുമായി ഇടപെടുമ്പോള്‍ ജാഗ്രതവേണം

“Manju”

ആലുവ: സാമൂഹ്യ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ഇടപഴുകുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ ആവശ്യമായ മുന്‍കരുതലിലൂടെയും ജാഗ്രതയോടും കൂടി പെരുമാറണമെന്ന് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. അസോസിയേഷന്റെ എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് മുന്നറിയിപ്പ്. പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യപ്രതി മോണ്‍സണ്‍ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ് എന്നതാണ് പ്രത്യേകത. ദൈനം ദിന ജോലിക്കിടയില്‍ സമൂഹത്തിലെ വിവധ തലങ്ങളിലുള്ള വ്യക്തികളുമായി പൊലീസുദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെടേണ്ടിവരും. ഇത്തരക്കാരില്‍ കള്ളനാണയങ്ങളുമുണ്ടാകാം. അത്തരം ആളുകളെ യഥാസമയം തിരിച്ചറിയുന്നതില്‍ പൊലീസുദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന വിഴ്ചകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നുവെന്നും പ്രമേയം ഓര്‍മിപ്പിക്കുന്നു. സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് ഉദ്ഘാടനം ചെയ്തു. ചില ഒറ്റപ്പെട്ട സംഭവങ്ങളുടേയും വ്യക്തികളുടെ പ്രവര്‍ത്തികളുടേയും പേരില്‍ പൊലീസിന് പഴി കേള്‍ക്കേണ്ടി വരുന്നുവെന്ന് എസ്.പി പറഞ്ഞു. പൊലീസ് സര്‍ക്കാരിന്റെ മുഖമായതിനാലാണ് നിയമങ്ങള്‍ നടപ്പിലാക്കുമ്ബോള്‍ പൊലീസിന് പഴി കേള്‍ക്കേണ്ടി വരുന്നത്. കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള തിരുത്തല്‍ നടപടികളാണ് നല്ല പൊലീസുദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി സക്കറിയ മാത്യു, ജെ. ഷാജിമോന്‍, ബെന്നി കുര്യാക്കോസ്, സി.ആര്‍. ബിജു, പ്രേംജി.കെ. നായര്‍, കെ.ടി. മുഹമ്മദ് കബീര്‍, കെ.ആര്‍. സന്തോഷ് കുമാര്‍, എം.എം. അജിത് കുമാര്‍, അബ്ദുള്‍ സലാം, എം.എസ്. സുരേഷ്, ഇ.കെ. അബ്ദുള്‍ ജബ്ബാര്‍, എം.വി. സനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button