KeralaLatestThrissur

ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ബസ് സ്റ്റാന്‍ഡ് ഓണസമ്മാനമായി കൊടുങ്ങല്ലൂര്‍ നിവാസികള്‍ക്ക് നല്‍കുകയാണ് മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍. ഇതിനൊപ്പം ടൂറിസ്റ്റുകള്‍ക്കായി വിസിറ്റേഴ്സ് സെന്റര്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്.

നാലുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാവില്‍ക്കടവിലെ അറൈവല്‍ സെന്ററിനോട് ചേര്‍ന്നുള്ള കെട്ടിടം മുസിരിസ് പൈതൃക പദ്ധതി കൊടുങ്ങല്ലൂര്‍ നഗരസഭയ്ക്ക് കൈമാറുന്നതോടെയാണ് നഗരത്തില്‍ പുതിയൊരു ബസ് സ്റ്റാന്‍ഡുകൂടി നിലവില്‍ വരുന്നത്. മുസിരിസ് ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 4 രാവിലെ 11-ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും.

പഴയ ദേശീയപാത 17-ല്‍ അശോക തിയേറ്ററിന് കിഴക്കുഭാഗത്തായാണ് ഇരുപതോളം ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന കെട്ടിടം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ ദേശീയപാതയില്‍ നിന്ന് 150 മീറ്ററോളം ദൂരത്തില്‍ റോഡും ആധുനികവത്ക്കരിച്ചിട്ടുണ്ട്. മുസിരിസ് പൈതൃക പദ്ധതിയുടെ അറൈവല്‍ സെന്ററിനായി നഗരസഭയുടെ മൂന്നേക്കറോളം ഭൂമി പദ്ധതിക്ക് വിട്ടുകൊടുക്കുമ്പോഴത്തെ കരാറാണ് 75 സെന്റ് ഭൂമിയില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മ്മിച്ചു നല്‍കാമെന്നത്. ഇതോടെ ചന്തപ്പുര ബസ് സ്റ്റാന്‍ഡിലെയും ടൗണ്‍ പരിസരത്തെയും ഗതാഗത തിരക്കിന് ഗണ്യമായ പരിഹാരമാകും.

കൊടുങ്ങല്ലൂര്‍ മുസിരിസ് വിസിറ്റേഴ്സ് സെന്ററും ടൗണ്‍ ബസ് സ്റ്റാന്റ് സമുച്ചയവും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പദ്ധതി പ്രദേശത്തേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് പദ്ധതിയെക്കുറിച്ച് പൂര്‍ണ്ണവിവരങ്ങള്‍ പരിചയപ്പെടുന്നതാണ് കൊടുങ്ങല്ലൂര്‍ മുസിരിസ് വിസിറ്റേഴ്സ് സെന്റര്‍. ഇതുമായി ബന്ധപ്പെടുത്തി സെന്ററില്‍ ഒരു മ്യൂസിയവും ഉടനെ ആരംഭിക്കും. ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍, മണി എക്‌സ്‌ചേഞ്ച്, വലിയ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം, ശുദ്ധജല സംവിധാനങ്ങള്‍ തുടങ്ങിയവയും ഇവിടെ ഒരുക്കും.

Related Articles

Back to top button