KeralaLatestThiruvananthapuram

കോവിഡ് പരിശോധനകള്‍ കൂടുതല്‍ വേഗത്തില്‍

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം: കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച്‌ ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. മലാപ്പറമ്പ് ആരോഗ്യവകുപ്പിന്റെ പരിശീലന കേന്ദ്രത്തിലെ കെട്ടിടത്തിലാണ് റീജിയണല് പബ്ലിക്ക് ഹെല്ത്ത് ലാബോറട്ടറിയുടെ ആര്‍.ടി.പി.സി.ആര്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് മറ്റൊരു ആര്‍ടിപിസിആര്‍ ലാബ് കൂടി പ്രവര്‍ത്തനസജ്ജമായതോടെ ഈ മേഖലയില്‍ കോവിഡ് പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തുടക്കത്തില്‍ ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സംവിധാനം ഇപ്പോള്‍ സംസ്ഥാനം മുഴുവന്‍ ലഭ്യമാണ്. ഇപ്പോള്‍ 23 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 33 സ്ഥലങ്ങളില്‍ കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്.
ഇതുകൂടാതെ 800 ഓളം സര്‍ക്കാര്‍ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും ആന്റിജന്‍ എക്സ്പെര്‍ട്ട്/സിബിനാറ്റ്, ട്രൂനാറ്റ് പരിശോധനള്‍ നടത്തുന്നുണ്ട്. ഇനിയും പരിശോധനാ സംവിധാനം കൂട്ടാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക പരിശോധനാ സംവിധാനത്തോടെയുള്ള കോഴിക്കോട് റീജിയണല് പബ്ലിക് ഹെല്ത്ത് ലബോറട്ടറി കെട്ടിടം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതാണ്. ഒ.പി. ഐ.പി. ബാധകമല്ലാതെ ഡോക്ടറുടെ കുറുപ്പടിയോടുകൂടി വരുന്ന ഏതൊരാള്‍ക്കും പബ്ലിക് ഹെല്ത്ത് ലാബിന്റെ സേവനം ലഭ്യമാണ്. ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് എല്ലാവിധ പരിശോധനകളും സൗജന്യമായാണ് ചെയ്ത് കൊടുക്കുന്നത്.
എ.പി.എല്‍. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിശ്ചിത ഫീസ് മാത്രമേ ഈടാക്കുകയുള്ളൂ. ജനങ്ങള്‍ക്ക് ഏറെ സഹായകമാണ് പബ്ലിക് ഹെല്ത്ത് ലാബുകളെന്നും മന്ത്രി വ്യക്തമാക്കി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായി. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാകളക്ടര്‍ സാംബശിവറാവു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, ആര്‍സിഎച്ച്‌ ഓഫീസര്‍ ഡോ. ടി. മോഹന്ദാസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button