InternationalKeralaLatest

റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകള്‍ക്ക്​ മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍
കുവൈത്ത്​ സിറ്റി: ലോക്ഡൗണിനെ തുടര്‍ന്ന്​ റദ്ദ് ചെയ്യപ്പെട്ട വിമാന ടിക്കറ്റുകള്‍ക്ക്​ മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച്‌ പ്രവാസി ലീഗല്‍ സെല്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. മുഴുവന്‍ തുക തിരിച്ചുനല്‍കാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്താണ്​ പ്രവാസി ലീഗല്‍ സെല്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്​. ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും വിമാനകമ്പനികള്‍ക്കും നോട്ടീസ്​അയച്ച കോടതി വിമാന കമ്പനികളുമായി ചര്‍ച്ചയിലേര്‍പ്പെടാനും പ്രശ്‌നം രമ്യമായി പരിഹരിക്കാനും കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു.
വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ നയം വ്യക്​തമാക്കിയത്‌. ഇതനുസരിച്ച്‌​ 15 ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവന്‍ തുകയും വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടതാണ്. ഏതെങ്കിലും വിമാന കമ്പനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരില്‍ നല്‍കേണ്ടതും ക്രെഡിറ്റ് ഷെല്ലിലെ പണമുപയോഗിച്ച്‌​ 2021 മാര്‍ച്ച്‌ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്ക് മാര്‍ച്ച്‌​ 31നകം 0.75 ശതമാനം പലിശയോടെ തുക തിരിച്ചുനല്‍കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, അന്താരാഷ്​ട്ര ടിക്കറ്റുകള്‍ക്ക്​ പുറമെ ഇന്ത്യയിലേക്ക് യാത്ര നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ക്കും ഇതു ബാധകമാക്കണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഹര്‍ജി നല്‍കിയ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാമും, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത്​ കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും പറഞ്ഞു. കേസ് സുപ്രീംകോടതി വരുന്ന ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Related Articles

Back to top button