InternationalKeralaLatest

ബാങ്കിങ് മേഖലയില്‍ സഹകരണം വര്‍ധിപ്പിച്ച്‌ സാമ്പത്തിക രംഗത്ത് കരുത്താര്‍ജിക്കാന്‍ യുഎഇയും ഇസ്രയേലും

“Manju”

സിന്ധുമോള്‍ ആര്‍

ദുബായ് : ബാങ്കിങ് മേഖലയില്‍ സഹകരണം വര്‍ധിപ്പിച്ച്‌ സാമ്പത്തിക രംഗത്ത് കരുത്താര്‍ജിക്കാന്‍ യുഎഇയും ഇസ്രയേലും നടപടികളെടുക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രയേലിലെ ഏറ്റവും വലിയ ബാങ്കായ ഹപ്പൊഅലിയുടെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലെത്തും. അടുത്ത വലിയ ബാങ്കായ ലോമിയുടെ പ്രതിനിധി സംഘവും 14ന് എത്തുന്നുണ്ട്. യുഎഇ ബാങ്ക് പ്രതിനിധികള്‍ക്കു പുറമേ സര്‍ക്കാരിലെ ഉന്നതരെയും സ്വകാര്യ മേഖലയിലെ പ്രബലരെയും അവര്‍ സന്ദര്‍ശിച്ച്‌ ചര്‍ച്ചകള്‍ നടത്തും.
ഇരു ഭാഗത്തും സാമ്പത്തിക വളര്‍ച്ച നേടാന്‍ ഉപകരിക്കുന്ന ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ് സന്ദര്‍ശനമെന്ന് ബാങ്ക് ഹപ്പൊഅലിം സിഇഒ ദോവ് കോട് ലര്‍ വിശേഷിപ്പിച്ചു. ബാങ്ക് ലോമിയുടെ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്കും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസും തമ്മില്‍ വിവിധ മേഖലകളില്‍ ധാരണാ പത്രം ഒപ്പുവയ്ക്കുമെന്ന് ഫസ്റ്റ് അബുദാബി ബാങ്കിന്റെ പത്രക്കുറിപ്പും വ്യക്തമാക്കുന്നു.
നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും ഓഗസ്റ്റ് 13 തീരുമാനിച്ചതിനു ശേഷം ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ക്കുണ്ടായിരുന്ന നിരോധനം യുഎഇ നീക്കിയിരുന്നു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, വാര്‍ത്താവിനിമയം, ടെലികോം,ഐടി, പ്രതിരോധം, ഭക്ഷ്യം തുടങ്ങിയ മേഖലയിലെല്ലാം സഹകരണം വര്‍ധിപ്പിച്ച്‌ വ്യാപാര സാധ്യതകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ബാങ്കിങ് മേഖലയിലെ പ്രതിനിധികള്‍ എത്തുന്നത്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിവര്‍ഷം 28000 കോടി രൂപയുടെ വ്യാപാരത്തിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്രമേണ ഇത് മൂന്നുമടങ്ങ് വരെ വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button