KeralaLatest

ചിറ്റിക്കര കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

“Manju”

പോത്തൻകോട്: 23 ലക്ഷം രൂപ ചെലവഴിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ചിറ്റിക്കര കുടിവെള്ള പദ്ധതി സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം അധ്യക്ഷത വഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ സ്വാഗതം പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം എസ് രാധാ ദേവി, എം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് നസീമ, എൻ അനിതകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. പാറ ഖനനം ചെയ്തു രൂപപ്പെട്ട മൂന്ന് ഏക്കർ വിസ്തൃതിയുള്ള ജലാശയം കാലങ്ങളായി നാട്ടുകാർ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.

പാറമടയിലെ ജലസ്രോതസ്സ് പ്രയോജനപ്പെടുത്തി ജലം ശുദ്ധീകരിച്ച് പോത്തൻകോട് സമീപ പഞ്ചായത്തുകളായ അണ്ടൂർകോണം നെല്ലനാട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിനുള്ള മാർഗമായി ഉപയോഗിക്കാമെന്ന നിർദ്ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് നസീമ മുന്നോട്ടു കൊണ്ട് വരികയായിരുന്നു. പാറമടയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള മൈക്രോ ഫിൽറ്ററിങ് യൂണിറ്റിലൂടെ ശുദ്ധീകരിച്ച ടാങ്കുകളിലേക്ക് കയറ്റുന്ന ശുദ്ധജലം അതാത് പഞ്ചായത്തുകൾ ടാങ്കർലോറി വഴി വിതരണം ചെയ്യും. അടുത്ത ഘട്ട വികസന പദ്ധതി ആയി കുടുംബശ്രീ യൂണിറ്റുകളും ആയി സഹകരിച്ച് കുപ്പിവെള്ള പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷാനിബ ബീഗം അറിയിച്ചു.

Related Articles

Back to top button