KeralaLatestMotivation

 ‘സ്നേഹക്കൂട്’ പദ്ധതിയുമായി ജയസൂര്യ; നിരാലംബരായവർക്ക് ഇത് സ്വപ്നസാക്ഷത്കാരം

“Manju”

നിരാലംബരായവർക്ക് വീടു നിർമിച്ചു നൽകാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ. ‘സ്നേഹക്കൂട്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യവീട് ഇതിനോടകം പണിതീർത്തു കൈമാറി. 18 ദിവസം കൊണ്ടാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂറ പാനൽ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വർഷവും അഞ്ചു വീടുകൾ നിർമിച്ചു നൽകാനാണ് താരത്തിന്റെ തീരുമാനം. കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് വീടുകളുടെ നിർമാണം.

പ്രളയകാലത്ത് വീടു തകർന്നവർക്ക് കുറഞ്ഞ ചിലവിൽ വീടു നിർമിച്ചു നൽകുന്ന പ്രവർത്തനങ്ങളുമായി സജീവമായിരുന്ന ന്യൂറ പാനൽ കമ്പനി ഡയറക്ടർ സുബിൻ തോമസ് അവിചാരിതമായാണ് നടൻ ജയസൂര്യയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് നിരാലംബർക്കുള്ള ഭവനപദ്ധതിയിലേക്ക് വഴി മാറുകയായിരുന്നെന്ന് സുബിൻ തോമസ് പറയുന്നു. ‘ഹൈബി ഈഡൻ എംപിയുടെ തണൽവീട് പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയസൂര്യയെ പരിചയപ്പെടുന്നത്.

18 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനു താൽപര്യമായി. രണ്ടുമാസം മുൻപ് അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. രാമമംഗലത്തുള്ള ഒരു കുടുംബത്തിന് വീടു നിർമിച്ചു നൽകുന്നതിനു വേണ്ടിയായിരുന്നു അത്. ഭർത്താവു മരിച്ചു പോയ സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് ആ കുടുംബത്തിലെ അംഗങ്ങൾ. അവർക്ക് ജീവിതവരുമാനം ഒന്നുമില്ല. ചോയ്സ് ഗ്രൂപ്പിന്റെ എം.ഡി ജോസ് തോമസ് സർ അവർക്കു ഭൂമി നൽകിയിരുന്നു. അങ്ങനെ ജയസൂര്യ അവർക്കു വീടു നിർമിച്ചു നൽകി. ഞങ്ങളുടെ കമ്പനിയുടെ നേതൃത്വത്തിലാണ് പണികൾ പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ചലച്ചിത്രതാരം റോണിയാണ് അദ്ദേഹത്തിന് പകരം ആ കർമം നിർവഹിച്ചത്,’ സുബിൻ പറഞ്ഞു.


‘വർഷത്തിൽ അഞ്ചു വീടുകൾ വരെ വച്ചു കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജയസൂര്യയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സ്നേഹക്കൂട് ഭവന പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. ഞാനും കമ്പനിയുടെ മറ്റൊരു ഡയറക്ടറായ ജോഷി സി.സി.യുമാണ് നിർമാണപ്രവർത്തനങ്ങളുടെ ഏകോപനം. സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമിച്ചു നൽകുന്നത്. കൂടാതെ സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. 500 ചതുരശ്ര അടിയുള്ള വീടിന് ആറുലക്ഷം രൂപയാണ് ചിലവ്. രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള വീടാണ് നിർമിച്ചു നൽകുന്നത്. ഈ പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട ഒരു വ്യക്തിക്കാണ് ആ വീട് നിർമിച്ചു നൽകുന്നത്,’ സുബിൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button