KeralaLatest

സാമ്പത്തിക തട്ടിപ്പ് : എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

“Manju”

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസിൽ മാത്രം 2 കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിനാണ് ഇതുവരെയായി കേസെടുത്തത്. നാലു മാസം കഴിഞ്ഞ് നിക്ഷേപം തിരിച്ചു തരുമെന്ന എംഎൽഎയുടെ വാക്കിൽ വിശ്വാസമില്ലെന്ന് പരാതിക്കാർ പറയുന്നു.

മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ കുരുക്ക് ഓരോ ദിവസവും മുറുകുകയാണ്. പുതുതായി വന്ന 14 പരാതികൾ ഉൾപ്പെടെ 26 കേസുകളാണ് ചന്തേര പൊലീസിൽ മാത്രം ഇതുവരെ രജിസ്റ്റർ ചെയ്തത്. രണ്ട് കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പാണിത്. ഇതിൽ 12 കേസുകൾ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഫയലുകൾ ഇനി സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും.

എംസി കമറുദ്ദീൻ ചെയർമാനായും ടി.കെ പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായും തുടങ്ങിയ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചവർ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ബിസിനസിൽ നഷ്ടം സംഭവിച്ച വിവരങ്ങൾ ഉൾപ്പെടെ മറച്ചുവെച്ചുവെന്ന് നിക്ഷേപകർ പരാതിയിൽ പറയുന്നു.

കാസർഗോഡ് ടൗൺ സ്റ്റേഷനിലെ കേസുകൾ കൂടി പരിഗണിക്കുമ്പോൾ ആകെ 31 പരാതികളിലായി 3 കോടി 7 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് എംഎൽഎ എംസി കമറുദ്ദീനെതിരെ പൊലീസിൽ രജിസ്റ്റർ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാകുന്ന ഘട്ടത്തിൽ കൂടുതൽ പേർ പരാതിയുമായി എത്താനാണ് സാധ്യത.

Related Articles

Back to top button