IndiaLatest

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ മികവിനായി പരിശ്രമിക്കണം: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു

“Manju”

ബിന്ദുലാൽ തൃശൂർ

കൂടുതൽ മികവ് കൈവരിക്കാനുള്ള അഭിവാജ്ഞ, നമ്മുടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഭാഗമായി മാറണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു. ഹൈദരാബാദിലെ രാമകൃഷ്ണ മഠത്തിലെ, വിവേകാനന്ദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ എക്സലൻസ്ന്റെ ഇരുപത്തിയൊന്നാം സ്ഥാപകദിന ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കലാലയ ജീവിത കാലഘട്ടം മുതൽ സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളോട് താൻ വലിയ പ്രതിപത്തി പുലർത്തുന്നുവെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു. കാലത്തെ മറികടക്കുന്ന സ്വാമിജിയുടെ പ്രബോധനങ്ങൾ ഇന്നും ലോകത്തിന് മുഴുവൻ പ്രകാശം നൽകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാമി വിവേകാനന്ദന്റെ ജീവിതവും ആശയങ്ങളും പഠിക്കാനും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ ഹൃദയത്തിലും ആത്മാവിലും വഹിക്കാനും ഉപരാഷ്ട്രപതി രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ചു. സ്വാമി വിവേകാനന്ദൻ, ശ്രീരാമകൃഷ്ണപരമഹംസ തുടങ്ങിയ മഹത് വ്യക്തികളുടെ പഠനങ്ങൾ, അവയുടെ വിശദീകരണങ്ങൾ എന്നിവ സാധാരണക്കാരിൽ എത്തിക്കാൻ രാജ്യത്ത് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉടച്ചുവാർക്കാനും വിദ്യാഭ്യാസ പ്രക്രിയകളിൽ നൂതനാശയങ്ങൾ ഉൾപ്പെടുത്താനും നാം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ നമുക്ക് സാധിക്കൂ. പുതിയ ആശയങ്ങളെ സ്വീകരിക്കാൻ കഴിയുന്ന, വ്യത്യസ്ത അഭിപ്രായങ്ങളോട് സഹിഷ്ണുത പുലർത്തുന്ന, ആഗോള സമാധാനം, എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മനുഷ്യ പുരോഗതി എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധരായ വ്യക്തികളുടെ രൂപീകരണം ആയിരിക്കണം വിദ്യാഭ്യാസത്തിലൂടെ സംഭവിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

സ്വാമി വിവേകാനന്ദന്റെ ദർശനങ്ങൾ പുതിയ വിദ്യാഭ്യാസ നയം 2020ൽ കണ്ടെത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ മനുഷ്യ വിഭവങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന, നൂതനാശയ കേന്ദ്രമായി ഇന്ത്യയെ മാറ്റിമറിക്കാനും നയം വഴി തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Articles

Back to top button