IndiaLatest

ആരാധകർക്ക് പ്രചോദനമായി സ്മൃതി ഇറാനിയുടെ വാക്കുകൾ

“Manju”

സമൂഹ മാധ്യമങ്ങളില്‍ സജീവമായ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഒട്ടേറെപ്പേര്‍ പിന്തുടരാന്‍ ഒരു കാരണം മന്ത്രി പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ കൂടിയാണ്. വ്യക്തിപരമായ ചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റ് ചെയ്യുന്നതിനൊപ്പം ജീവിതപാഠങ്ങളും സ്മൃതി പങ്കുവയ്ക്കാറുണ്ട്. പലതും പലര്‍ക്കും അറിവുള്ളതായിരിക്കുമെങ്കിലും ഒരു സന്ദേശം പോസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പുതിയൊരു വെളിച്ചം പോലെ അവ ചിലരെയെങ്കിലും നവീകരിക്കുന്നു. പുതിയ മനുഷ്യരാക്കുന്നു. അതുവരെ അപരിചിതമായ വെളിച്ചത്തിന്റെ ലോകത്തേക്ക് നയിക്കുന്നു. ഇക്കഴിഞ്ഞ ദിവസം ഒന്നിലധികം പോസ്റ്റുകളാണ് മന്ത്രി പങ്കുവച്ചത്. ഓരോന്നും ജീവിതത്തിലെ വിലപ്പെട്ട പാഠങ്ങള്‍, അമൂല്യമായ സന്ദേശങ്ങള്‍. ആവര്‍ത്തിച്ചു വായിക്കുന്തോറും മൂല്യബോധം പകരുന്നവ.

നിത്യ ഭാട്ടിയ എന്ന വ്യക്തി അവരുടെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത വാചകങ്ങളാണ് അവയുടെ മൂല്യം മനസ്സിലാക്കി മന്ത്രി എല്ലാവര്‍ക്കുമായി പങ്കുവച്ചിരിക്കുന്നത്. വാക്ക് എന്ന അടിക്കുറിപ്പോടെ ഹൃദയത്തിന്റെ ചിത്രത്തിനൊപ്പം മന്ത്രി പങ്കുവച്ച ആദ്യ വാചകം പ്രതീക്ഷയെക്കുറിച്ചുള്ളതാണ്. ‘ഓരോ ദിവസവും നമ്മെ കാത്തിരിക്കുന്നത് പുതിയ പ്രഭാതം. എന്നാല്‍ പഴയകാലത്തിന്റെ ഭാരം ഉപേക്ഷിച്ച് പുതിയത് സ്വീകരിക്കാന്‍ നമ്മിലെത്രപേര്‍ തയാറുണ്ട് ?

കൊച്ചു കുട്ടി, പഴയ ആത്മാവ് എന്നാണ് രണ്ടാമത്തെ വാചകത്തിന് സ്മൃതി നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ‘ കത്തിക്കൊണ്ടിരിക്കുന്ന പല മെഴുകുതിരികളില്‍ വെറുമൊരു വെളിച്ചമല്ല നിങ്ങള്‍. ഇരുട്ടിന്റെ കട്ടി കുറ‍ഞ്ഞുകൊണ്ടിരിക്കാന്‍ കാരണം തന്നെ നിങ്ങളാണ്’.

തൊട്ടടുത്ത പോസ്റ്റില്‍ മനുഷ്യന്റെ സ്വാര്‍ഥതയെക്കുറിച്ചും ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചുമാണ് സ്മൃതി പറയുന്നത്. ‘എല്ലാക്കാലത്തേക്കും എല്ലാം നമ്മുടെ സ്വന്തമാണെന്ന് നാം വിചാരിക്കുന്നു. ഈ ലോകത്തിലെ നമുക്ക് അനുവദിക്കപ്പെട്ട കാലത്തിന് പരിമിതിയുണ്ടെന്ന് എത്രപേര്‍ മനസ്സിലാക്കുന്നു’.

അവസാനത്തെ വാചകമാണ് കൂടുതല്‍ പേര്‍ക്ക് ഇഷ്ടപ്പെട്ടത്. മനോഹരമായ ഒരു കഥയുടെ ക്ലൈമാക്സ് പോലെയാണത്. ‘ മറ്റുള്ളവരെപ്പോലെയാകാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നിങ്ങളായിത്തീരാന്‍ നിങ്ങള്‍ കഷ്ടപ്പെടുന്നത്’. നൂറു കണക്കിനു പേരാണ് മന്ത്രിയുടെ വാചകങ്ങള്‍ക്ക് ഇഷ്ടം രേഖപ്പെടുത്തിയതും പങ്കുവച്ചതും.

Related Articles

Back to top button