KeralaLatest

സംസ്ഥാനത്ത് നെല്‍കൃഷിക്ക് ഹെക്ടറിന് 2000 രൂപ റോയല്‍റ്റി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: നെല്‍കൃഷിക്കാര്‍ക്ക് ഹെക്ടറിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കാന്‍ സര്‍ക്കാര്‍ 40 കോടി രൂപ അനുവദിച്ച്‌ ഉത്തരവായി. നെല്‍കൃഷി ചെയ്യുന്ന വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും കൃഷിക്കായി ഉപയോഗിക്കുന്നതിനുമാണിത്. നെല്‍വയലുകളുടെ അടിസ്ഥാന സ്വഭാവം മാറ്റാതെ പയര്‍വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയവ കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റിക്ക് അര്‍ഹതയുണ്ട്.

നെല്‍വയലുകള്‍ തരിശിട്ടിരിക്കുന്ന ഭൂഉടമകള്‍ പ്രസ്തുത ഭൂമി സ്വന്തമായോ മറ്റു കര്‍ഷകര്‍, ഏജന്‍സികള്‍ എന്നിവ മുഖേന ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ റോയല്‍റ്റിക്ക് അര്‍ഹതയുണ്ടാകും. തുടര്‍ച്ചയായി മൂന്നുവര്‍ഷം തരിശിട്ടാല്‍ റോയല്‍റ്റിക്ക് അര്‍ഹതയുണ്ടാകില്ല. വീണ്ടും കൃഷി ആരംഭിച്ചാല്‍ റോയല്‍റ്റി ലഭിക്കും. ആനുകൂല്യം ബാങ്കു വഴിയാകും നല്‍കുക.

അപേക്ഷകള്‍ സെപ്റ്റംബര്‍ 11 മുതല്‍ www.aism.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച്‌ സ്വന്തമായോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കാം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ കരം അടച്ച രസീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, അക്കൗണ്ട് വിവരങ്ങള്‍ അടങ്ങിയ ബാങ്ക് പാസ് ബുക്ക് പേജിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.

Related Articles

Check Also
Close
Back to top button