KeralaLatestThiruvananthapuram

ഭവനവായ്പകളില്‍ ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങള്‍; മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനില്‍ക്കാതെ

“Manju”

സിന്ധുമോള്‍ ആര്‍
തൃശ്ശൂര്‍: ഭവനവായ്പകളില്‍ ജപ്തി നടപടികളുമായി ധനകാര്യ സ്ഥാപനങ്ങള്‍. മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ജപ്തിക്ക് കോടതിയുടെ അനുമതി ലഭിച്ച ഭവനവായ്പകളിലാണ് ധനകാര്യസ്ഥാപനങ്ങള്‍ സര്‍ഫാസി നിയമപ്രകാരം നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്. മൊറൊട്ടോറിയം സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമവിധിക്ക് കാത്തുനില്‍ക്കാതെയാണ് സ്ഥാപനങ്ങള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ജപ്തിക്ക് കോടതി അനുമതി ലഭിച്ച വായ്പകളില്‍ കുടിശ്ശികത്തുക മുഴുവനായി അടയ്ക്കാതെ വായ്പ പുനഃക്രമീകരണത്തിനടക്കം അവസരം നല്‍കാനാവില്ലെന്നാണ് ചില സ്ഥാപനങ്ങളുടെ നിലപാട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നഷ്ടമായ കുടിശ്ശികക്കാരില്‍ പലര്‍ക്കും ഈ നിലപാട് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മൊറൊട്ടോറിയത്തില്‍ സ്വീകരിക്കേണ്ട തുടര്‍നിലപാട് സംബന്ധിച്ച വിഷയം കോടതിയുടെയും സര്‍ക്കാരിന്റെയും പരിഗണനയിലാണ്. തിരിച്ചടവ് മുടങ്ങിയ വായ്പകളില്‍ റിക്കവറി നടപടികള്‍ തുടങ്ങുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ബാങ്കുകളുടെ അപേക്ഷകളില്‍ സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാണ്‌ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതുവരെ ജപ്തിക്ക് അനുമതി ലഭിച്ച വായ്പകളിലും റിക്കവറി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ഭവനവായ്പയെടുത്ത് ജപ്തിനോട്ടീസ് ലഭിച്ച ഇടപാടുകാര്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കി.

Related Articles

Back to top button