KeralaLatestThiruvananthapuram

കനത്തമഴ; ബളാലില്‍ ഉരുള്‍ പൊട്ടല്‍

“Manju”

സിന്ധുമോള്‍ ആര്‍
കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നമ്പ്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയതെങ്കിലും ആളപായമുണ്ടായില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നമ്പ്യാര്‍മല റോഡ് തകര്‍ന്നു. അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ നിര്‍ദേശം നല്‍കി.
ശക്തമായ മഴയെതുടര്‍ന്ന് ഉരുള്‍ പൊട്ടിയ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കൊപ്പം കളക്ടര്‍ കോട്ടക്കുന്നിലെത്തിയത്. ഉരുള്‍ പൊട്ടിയ പ്രദേശം സന്ദര്‍ശിച്ച ശേഷം ബളാല്‍ രാജപുരം റോഡ് താത്കാലികമായി അടച്ചിടാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡിലേക്ക് കല്ലുകളും മറ്റും ഉരുണ്ട് വന്നാലുണ്ടാകുന്ന അപകടം മുന്‍ നിര്‍ത്തിയാണ് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചത്. കൂടാതെ മലവെള്ളം ഒലിച്ചിറങ്ങിയ പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കളക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ കുന്നിന്‍ മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി പാറക്കല്ലുകളും മണ്ണും ഒഴുകിയെത്തി. തുടര്‍ന്ന് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കുന്നിന്‍ മുകളില്‍ നിന്നും മലവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങിയ കൂറ്റന്‍ കല്ലുകളും ചെളിയും റോഡിലേക്കു പതിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കൊടക്കല്‍ ശരത്തിന്റെ ഓട്ടോറിക്ഷയിലും ചെളിയും മണ്ണും കയറി. പ്രദേശത്തെ മൂന്നു വീടുകള്‍ അപകടാവസ്ഥയിലാണ്. കാസര്‍കോട് ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ കഴിഞ്ഞ ദിവസം വെള്ളം കയറി.
വെള്ളിയാഴ്ച രാത്രിയോടെ കോടോംബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ചെരക്കരപാടി ഉണ്ണിയുടെ കൃഷിയിടമാണ് ശക്തമായ മഴയില്‍ 20 മീറ്ററോളം താഴ്ചയിലുള്ള കമുകിന്‍തോട്ടത്തിലേക്ക് ഇടിഞ്ഞത്. ഉണ്ണിയുടെ സഹോദരന്‍ വിജയന്റെതാണ് കമുകിന്‍തോട്ടം. കല്ലും മണ്ണും വീണ് നിരവധി കമുകുകളും തെങ്ങുകളും നശിച്ചു. മണ്ണിടഞ്ഞ് താഴ്ന്ന ഭാഗത്തെ റബ്ബറുകളും കാട്ടുമരങ്ങളും കടപുഴകി വീണ നിലയിലാണ്. മണ്ണിടിഞ്ഞതിന് സമീപത്ത് നീളത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഇതിലൂടെ വെള്ളമിറങ്ങി കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Related Articles

Back to top button