KeralaLatestThiruvananthapuram

കൂട്ടആത്മഹത്യയിൽ പൊലിഞ്ഞ മിടുക്കി

“Manju”

എയ്റോസ്പേസ് എൻജിനീയറിങ്ങിൽ എംടെക്കിന് ശേഷം അധ്യാപികയായി ജോലി. പഞ്ചാബ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തു. ലോക്ഡൗൺ കാരണം ഏതാനും മാസങ്ങളായി വീട്ടിലുണ്ടായിരുന്ന അനന്തലക്ഷ്മി എന്ന മിടുക്കിയെ ഇത്തരമൊരു ദുരന്തം കൊണ്ടുപോകുമെന്ന് ആരും കരുതിയില്ല. വർക്കലയിലെ നി‍ർമാണ കരാറുകാരനും ഭാര്യയും മകളും വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ് മരിച്ച സംഭവം അക്ഷരാർഥത്തിൽ നാടിനെ ഞെട്ടിച്ചു.

വൻ സാമ്പത്തിക ബാധ്യത മൂലം സകുടുംബം ജീവനൊടുക്കിയെന്നാണ് പൊലീസിനു ലഭിച്ച സൂചന. കടബാധ്യത തളർത്തി ശ്രീകുമാറും കുടുംബവും ആത്മഹത്യ ചെയ്തത് നാടിനെ നടുക്കിയെന്ന് മാത്രമല്ല തങ്ങളുടെ മിടുക്കിയായ മകളെ ഒഴിവാക്കിയില്ലെന്നത് ആ നടുക്കത്തിന്റെ ആഘാതം കൂട്ടുകയാണ് ചെയ്തത്. അനന്തലക്ഷ്മി പഠിക്കാൻ ബഹുമിടുക്കിയായിരുന്നു. മിലിറ്ററി എൻജിനീയറിങ് സർവീസ് എ ക്ലാസ് കരാറുകാരനാണ് ശ്രീകുമാർ. പ്രതിരോധ സ്ഥാപനങ്ങൾ, എയർപോർട്ട്, റെയിൽവേ എന്നിവയുടെ നിർമാണ കരാറുകൾ ഏറ്റെടുത്ത നടത്തുന്ന ശ്രീകുമാറിന് ബാധ്യത കാരണം ബാങ്കിൽ നിന്നു സമ്മർദം നേരിട്ടിരുന്നുവെന്നും ആത്മഹത്യ അല്ലാതെ വഴിയില്ലെന്നു പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ സൂചന നൽകി.

ജോലികൾ‍ ​ഏറ്റെടുത്ത ഉപകരാറുകാരനെതിരെ ആത്മഹത്യക്കുറിപ്പിൽ പരാമർശമുണ്ട്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്യുകയാണെന്നു കാട്ടി ഭാര്യയും ഭർത്താവും ഒപ്പു വച്ച ആത്മഹത്യക്കുറിപ്പു കണ്ടെടുത്തു. നിർമാണ ജോലികൾ ഏറ്റ ഒരു ഉപകരാറുകാരൻ ജോലികൾ പൂർത്തിയാക്കാതെ ചതിച്ചെന്നു പരാമർശമുണ്ട്. താമസിക്കുന്ന വീടും സമീപത്തെ സ്ഥലവും കടബാധ്യത തീർക്കാൻ വിൽക്കാൻ ശ്രമം നടന്നിരുന്നു. ലോക്ഡൗൺ കാലത്തെ മാന്ദ്യം ജോലികളെ കാര്യമായി ബാധിച്ചെന്നും ഇത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കിയെന്നു ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് റോഡരികിലെ ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് തീ പടർന്നത്. കിടപ്പുമുറിയിൽ കട്ടിലിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ പൂർണമായും കത്തിയമർന്ന നിലയിലും. ശ്രീകുമാറിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കുളിമുറിയിലുമാണു കണ്ടെത്തിയത്. ഫയർഫോഴ്സ് വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. വീടിന്റെ അകവശത്തു മരം ഉപയോഗിച്ചുള്ള ഫർണിഷിങ് ഉള്ളതിനാൽ തീ വേഗത്തിൽ ഹാളിലേക്കും വ്യാപിച്ചു. താഴത്തെ നില മുഴുവനായി കത്തി നശിച്ചിട്ടുണ്ട്. പെട്രോൾ ഉപയോഗിച്ചു തീ പടർത്തിയെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തും. ഫൊറൻസിക് വിഭാഗം വീട്ടിൽ പരിശോധന നടത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related Articles

Back to top button