Latest

നിറത്തിന്റെ പേരിൽ ഒറ്റപ്പെട്ടുപോയ നീർനായ!

“Manju”

നിറവ്യത്യാസത്തിന്റെ പേരിൽ കൂട്ടത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്നത് മനുഷ്യരുടെ ഇടയിൽ മാത്രം സംഭവിക്കുന്നതല്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യയിലെ സ്യുെലനി ദ്വീപിൽ ജനിച്ച ഒരു നീർനായ കുഞ്ഞ്. സാധാരണ നീർനായകൾക്ക് കറുപ്പുനിറമാണ്. എന്നാൽ അപൂർവമായ ജനിതക കാരണങ്ങൾ കൊണ്ട് സ്വർണനിറത്തിലാണ് ഈ നീർനായ കുഞ്ഞു ജനിച്ചിരിക്കുന്നത്.

കണ്ണുകൾ ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിലൊന്നും നിറമില്ലാത്ത നീർനായകൾ ലക്ഷത്തിൽ ഒന്നു മാത്രമാണ് ജനിക്കുന്നത്. ഈ നിറവ്യത്യാസം കൊണ്ടുതന്നെ കൂട്ടത്തിൽപെട്ടവ അവയെ ഒഴിവാക്കി മാറ്റി നിർത്താറാണ് പതിവ്. ഇത്തരം ശാരീരിക പ്രത്യേകതകളുമായി ജനിക്കുന്ന നീർനായ കുഞ്ഞുങ്ങൾക്ക് ‘അഗ്ലി ഡക്ലിങ്’ എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന വിളിപ്പേര്. നിറത്തിലുള്ള വ്യത്യാസത്തിനു പുറമേ ഇവയുടെ ആരോഗ്യസ്ഥിതിയും മറ്റുള്ളവയെ അപേക്ഷിച്ച് പരിതാപകരമാണ്. ശരിയായ കാഴ്ച ശക്തിയോ പ്രത്യുൽപാദനം നടത്താനുള്ള കഴിവോ ഇവയ്ക്കുണ്ടാവാറില്ല. ആൽബിനോ സീലുകൾ എന്നാണ് ഇവ പൊതുവേ അറിയപ്പെടുന്നത്.

സമുദ്ര ജന്തു ശാസ്ത്രജ്ഞനായ വ്ലാഡിമർ ബർക്കനോവാണ് നിറവ്യത്യാസത്തോടെ ജനിച്ച നീർനായയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജീവിച്ചിരിക്കുന്ന അത്രയും കാലം ഇവ ഒറ്റപ്പെട്ടു തന്നെയായിരിക്കും കഴിയുക. ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് ഇതേ ദ്വീപിൽ മറ്റൊരു ആൽബിനോ നീർനായയെ കണ്ടെത്തിയിരുന്നു. കൂട്ടത്തിൽ നിന്നും അകറ്റിനിർത്തപ്പെട്ട് ജീവൻതന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയിൽ അന്ന് ഗവേഷകർ റഷ്യയിലെ ഒരു അക്വേറിയത്തിലേക്ക് അതിനെ മാറ്റി പാർപ്പിക്കുകയായിരുന്നു.

ഇപ്പോൾ കണ്ടെത്തിയ നീർനായ കുഞ്ഞിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റേണ്ടി വരുമോ എന്ന ആലോചനയിലാണ് ഗവേഷകർ. എന്നാൽ ഒറ്റപ്പെട്ടാണ് കഴിയുന്നതെങ്കിലും നീർനായ ആരോഗ്യത്തോടെ തന്നെയാണ് ഇരിക്കുന്നതെന്ന് ബർക്കനോവ് പറയുന്നു. കൃത്യമായി ആഹാരം തേടാനും ഇതിനു സാധിക്കുന്നുണ്ട്. മറ്റു നീർനായകൾ ഇതിനെ ആക്രമിക്കാൻ ചെല്ലാറില്ല എന്നതാണ് മറ്റൊരു ആശ്വാസകരമായ വസ്തുത.

https://www.facebook.com/143777112452758/videos/241055273973444

Related Articles

Back to top button