IndiaInternationalLatestThiruvananthapuram

IPL 2020: മത്സരം കണ്ടത് 20 കോടിയിലധികം പേര്‍

“Manju”

സിന്ധുമോള്‍ ആര്‍​
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പാണ് 2020ല്‍ ഏറ്റവുമധികം കാത്തിരുന്ന കായിക ഇവന്റുകളില്‍ ഒന്ന്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയും പിന്നീട് കടല്‍ കടന്ന് യുഎഇയിലെത്തുകയും ചെയ്ത ഐപിഎല്‍ ലക്ഷകണക്കിന് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. സെപ്റ്റംബര്‍ 19നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണര്‍അപ്പുകളായ ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടിയ വാശിയേറിയ പോരാട്ടം ആ കാത്തിരിപ്പിനുള്ള ഏറ്റവും വലിയ പ്രതിഫലം കൂടിയായിരുന്നു.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ ഗ്യാലറിക്ക് പുറത്തല്ല വീടുകളില്‍ ടിവികള്‍ക്ക് മുന്നില്‍ മാത്രമാണ് ഇത്തവണ കാണികളുടെ ആവേശം. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമുകള്‍ക്കും താരങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതില്‍ ഒരടി പോലും പിന്നോട്ട് പോകാന്‍ ആരാധകരും തയ്യാറല്ലായിരുന്നു. ഇത് റെക്കോര്‍ഡ് പ്രേക്ഷകരെയാണ് അന്നേദിവസം ടിവിക്ക് മുന്നില്‍ എത്തിച്ചത്. ഏകദേശം 20 കോടിയിലധികം ജനങ്ങള്‍ അന്ന് ടിവിയിലൂടെ മാത്രം മത്സരം കണ്ടു.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. “ഡ്രീം11ഐപിഎല്‍ ഉദ്ഘാടന മത്സരം പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ബര്‍ക്(BARC) കണക്കുകള്‍ പ്രകാരം 20 കോടിയിലധികം പേരാണ് മത്സരം കണ്ടത്. ലോകത്ത് ഒരു ലീഗിന്റെ ഉദ്ഘാടന മത്സരത്തിലെ ഏറ്റവും വലിയ കാണികളുടെ എണ്ണം. മറ്റൊരു ലീഗിന്റെയും ഉദ്ഘാടന മത്സരത്തില്‍ ഇത്രയധികം പ്രേക്ഷകരുണ്ടായിട്ടില്ല,” ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. അര്‍ധസെഞ്ചുറി തികച്ച അമ്ബാട്ടി റയ്ഡുവിന്റെയും ഫാഫ് ഡു പ്ലെസിസിന്റെയും ഇന്നിങ്സാണ് ചെന്നൈ ജയം അനായാസമാക്കിയത്.

Related Articles

Back to top button