IndiaInternationalLatest

ബഹിരാകാശത്തും ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ചൈന

“Manju”

സിന്ധുമോള്‍ ആര്‍​
ന്യൂദല്‍ഹി : ബഹിരാകാശത്തും ചൈന ഇന്ത്യയ്ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് പിന്നാലെയാണ് ബഹിരാകാശത്തും ആക്രമണം. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ സംവിധാനത്തില്‍ നുഴഞ്ഞുകറാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012 മുതല്‍ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കര്‍മാര്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് ഇതില്‍ പറയുന്നത്.
2017ല്‍ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാനായി ചൈന നടത്തിയ ശ്രമമാണ് ഒടുവിലത്തേതെന്നും ഇതില്‍ പറയുന്നുണ്ട്. അമേരിക്കന്‍ എയര്‍ഫോഴ്സ് മേധാവി, അമേരിക്കന്‍ ബഹിരാകാശ ഓപ്പറേഷന്‍സിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട്. അമേരിക്കന്‍ പ്രതിരോധ വകുപ്പിലും ഗവണ്‍മെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍.
2012ല്‍ ഐഎസ്‌ആര്‍ഒയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബോറട്ടറിയുടെ നിയന്ത്രണം പൂര്‍ണമായും കൈക്കലാക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച്‌ തകര്‍ക്കാന്‍ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. ഇതിനെ മറികടക്കുന്നതിനുള്ള പദ്ധതികളും ചൈന ആവിഷ്‌കരിച്ചിട്ടുണ്ടെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. എന്നാല്‍ 2007ല്‍ തന്നെ ചൈന ഈ മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി ഉപഗ്രഹങ്ങളുമായുള്ള ആശയ വിനിമിയം തടസപ്പെടുത്തുന്ന റേഡിയോ ഫ്രീക്വന്‍സി ജാമറുകളുടെ മേഖലയില്‍ ചൈന വലിയ നിക്ഷേപം നടത്തി വരികയാണ്. അതേസമയം ഈ ചൈനീസ് ആക്രമണങ്ങള്‍ എവിടെ നിന്നാണ് നടത്തുന്നതെന്ന് മനസ്സിലാക്കാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് സാധിച്ചിട്ടില്ല. ഹാക്കിങ് ശ്രമങ്ങളില്‍ ഐഎസ്‌ആര്‍ഒയുടെ കംപ്യൂട്ടര്‍ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് എയ്റോസ്പേസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button