KeralaLatest

ദേവസ്വം ബോർഡ് കരാറുകാരന്റെ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടി; വിജിലൻസ് അന്വേഷണം

“Manju”

പത്തനംതിട്ട • പച്ചക്കറിയും പലവ്യഞ്ജനവും വിതരണം ചെയ്ത കരാറുകാരന്റെ അതേ പേരുള്ള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ശബരിമല ദേവസ്വത്തിനു കീഴിലുള്ള നിലയ്ക്കൽ ദേവസ്വത്തിൽ ചുമതലക്കാരനായിരുന്ന ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുടെ നേതൃത്വത്തിൽ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചു.
2018–19 വർഷത്തിൽ ദേവസ്വം മെസ്സിലേക്കു പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തതിന്റെ മറവിലായിരുന്നു തട്ടിപ്പ്.

കൊല്ലം പട്ടത്താനം സ്വദേശിയായ കരാറുകാരൻ 30 ലക്ഷം രൂപയുടെ സാമഗ്രികളാണു വിതരണം ചെയ്തത്. പ്രതിഫലമായി ചെക്ക് മുഖേന ആദ്യം 8,20,935 രൂപ നൽകി.ബാക്കി പണം കരാറുകാരൻ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല.അതിനിടെ 2019 ജനുവരി, മെയ് മാസങ്ങളിൽ 39,17,172 രൂപയും 11,28,922 രൂപയും കരാറുകാരനു കൈമാറിയതായി രേഖയുണ്ടാക്കി.ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഈ രണ്ടു തുകയും കരാറുകാരനു ലഭിച്ചില്ലെന്നും വൗച്ചറിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയതാണെന്നും കണ്ടെത്തുകയായിരുന്നു. ‌

ദേവസ്വത്തിൽ പൊലീസ് വകുപ്പ് ഒഴികെയുള്ള ജീവനക്കാർക്കായി നടത്തുന്ന മെസ്സിലേക്ക് 30 ലക്ഷം രൂപയുടെ സാമഗ്രികൾ വിതരണം ചെയ്ത സ്ഥാനത്ത് ഒരു കോടിയിലേറെ രൂപ ചെലവഴിച്ചതായാണ് രേഖകളിൽ . ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ ദേവസ്വം ബോർഡ് നടപടിയെടുക്കാതെ ശബരിമല ദേവസ്വത്തിൽ ഉന്നത പദവി നൽകി സംരക്ഷിക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

ക്രമക്കേടിന് ആധാരമായ വൗച്ചറുകളും രേഖകളും ഇപ്പോഴും ഈ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണെന്നും ഇയാൾക്കെതിരെ സംസ്ഥാന വിജിലൻസിന്റെ അന്വേഷണം അനിവാര്യമാണെന്നും കാണിച്ച് ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിനു മാർച്ചിൽ റിപ്പോർട്ട് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത വകയിൽ ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ട കരാറുകാരനോട് 11,28,922 രൂപയുടെ വൗച്ചർ ഒപ്പിട്ടു നൽകാനും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആവശ്യപ്പെട്ടു. എന്നാൽ വിതരണം ചെയ്യാത്ത സാധനങ്ങളുടെ പേരിൽ വൗച്ചറിൽ ഒപ്പിടില്ലെന്നു കരാറുകാരൻ നിലപാട് എടുക്കുകയായിരുന്നു.

സമാനമായ പേരുകൾ ആയതിനാലാണു തട്ടിപ്പ് എളുപ്പത്തിൽ നടന്നതെന്നും സാമ്പത്തിക തിരിമറി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു.

Related Articles

Back to top button