AlappuzhaKeralaLatest

പഞ്ചലോഹവിഗ്രഹ കവർച്ച: പ്രധാന പ്രതികൾ 5 പേരെന്നു പൊലീസ്

“Manju”

ചെങ്ങന്നൂർ • കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സിന്റെ വിഗ്രഹ നിർമാണശാലയിൽ തൊഴിലാളികളെ ആക്രമിച്ചു പഞ്ചലോഹവിഗ്രഹം അപഹരിച്ചെന്ന കേസിൽ പ്രധാന പ്രതികൾ 5 പേരെന്നു പൊലീസ്. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ പൊലീസ് പിടിച്ചെടുത്തു.

മർദനമേറ്റ സ്ഥാപനത്തിലെ ജീവനക്കാരൻ രാജീവന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.
വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സയന്റിഫിക് എക്സ്പർട്ട് എന്നിവർ സ്ഥലത്തു പരിശോധന നടത്തി.

സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നാണു പൊലീസിന്റെ നിലപാട്. മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ ഇത്തരം ആക്രമണത്തിനു സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. സംഭവത്തിനു ശേഷം, വീണു പരുക്കേറ്റെന്നു പറഞ്ഞ് ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രതികളിലൊരാൾ ചികിത്സ തേടിയെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു.

എംസി റോഡരികിലെ സ്ഥാപനത്തിൽ ഞായർ രാത്രി ഒൻപതരയോടെയാണ് സംഭവം. പൊലീസ് പറയുന്നത്: ‘സ്ഥാപനത്തിൽ മുൻപു ഡ്രൈവറായി ജോലി ചെയ്തിരുന്ന മുളക്കുഴ അരീക്കര സ്വദേശിയാണ് ആദ്യമെത്തിയത്. ഇയാൾക്കു പിന്നാലെ ഒരു കാറിലും ബൈക്കുകളിലുമായി സംഘത്തിലെ മറ്റുള്ളവരും എത്തി. 5 തൊഴിലാളികളാണ് ആ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്.

ബഹളം കേട്ട് എത്തിയ സ്ഥാപന ഉടമകളായ മഹേഷ്പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കും മർദനമേറ്റു. ഇതിനിടെ ഓഫിസ് മുറിയിലുണ്ടായിരുന്ന 60 കിലോയോളം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം നഷ്ടമായെന്നാണ് ഉടമകളുടെ പരാതി. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്നും ഇവർ പറയുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ തൊഴിലാളികളായ തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ഉലകനാഥൻ (38) രാജീവ് (37) എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉലകനാഥന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന മറ്റൊരു തൊഴിലാളി ജയകുമാറിന്റെ ഭാര്യയെ പ്രതികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

Related Articles

Back to top button